നവീൻ ബാബുവിന്റെ മരണം: സർക്കാരും സിപിഎമ്മും വേട്ടക്കാർക്കൊപ്പമെന്ന് എം.എം. നസീർ
1493763
Thursday, January 9, 2025 3:50 AM IST
പത്തനംതിട്ട: പിണറായി സര്‍ക്കാരും അതിന് നേതൃത്വം നല്കുന്ന സിപിഎം പാര്‍ട്ടിയും എക്കാലവും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണ ആവശ്യത്തെ തുരങ്കംവച്ചതിലൂടെ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതി ലഭ്യമാക്കുവാന്‍ നവീൻ ബാബുവിന്റെ കുടുംബം കോടതി മുഖേന നടത്തിയ ശ്രമത്തെ എതിര്‍ത്ത സര്‍ക്കാര്‍ സിപിഎം നേതാക്കള്‍ക്ക് വഴങ്ങി പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും തങ്ങള്‍ കുടുംബത്തോടൊപ്പം ആണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന നേതാക്കളുടെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണെന്നും നസീര്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം ഇബ്രാഹിംകുട്ടി കല്ലാര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്റുമാരായ ദീനാമ്മ റോയി, ആര്. ദേവകുമാര്‍, സഖറിയ വര്‍ഗീസ്, കെ. ശിവപ്രസാദ്, സിബി താഴത്തില്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.