കോന്നി വാതില്‍പടി വിതരണ കേന്ദ്രത്തില്‍ എംഎല്‍എ സന്ദര്‍ശനം നടത്തി
1493761
Thursday, January 9, 2025 3:50 AM IST
കോന്നി: റേഷന്‍ ഡീലേഴ്സ് അസോസിയേഷന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കോന്നി സപ്ലൈകോ വാതില്‍പടി വിതരണകേന്ദ്രത്തില്‍ കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ, ജില്ലാ സപ്ലൈ ഓഫീസര്‍ ദിലീപ് കുമാര്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ. പിള്ള എന്നിവരുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികളോടോപ്പം സന്ദര്‍ശനം നടത്തി.
തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കോന്നി എഫ്സിഐ ഗോഡൗണില്‍ നിന്ന് അരി കാണാതായ സംഭവത്തില്‍ വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കുവാന്‍ എംഎല്‍എ നിര്‍ദേശം നല്കി.
ഗോഡൗണില്‍നിന്ന് കൊണ്ടുപോയി റേഷന്‍ കടകളില്‍ ഇറക്കുന്ന അരിയുടെയും മറ്റു ധാന്യങ്ങളുടെയും അളവില്‍ കുറവ് വരുന്നത് പരിഹരിക്കുവാന്‍ ഇറക്കുന്ന സാധനങ്ങള്‍ റേഷന്‍ കടകളില്‍ തന്നെ തൂക്കി നോക്കി അട്ടിവയ്ക്കാനും തൂക്കത്തില്‍ കുറവ് വരുന്ന സാധനങ്ങള്‍ വാഹനത്തില്‍തന്നെ സൂക്ഷിക്കുവാനും നിര്‍ദേശം നല്കി.
പഴകിയ ഭക്ഷ്യവസ്തുക്കള്‍ റേഷന്‍ കടകളില്‍ എത്തുന്നുണ്ടോയെന്നു പരിശോധിക്കാന്‍ കൃത്യമായ മോണിറ്ററിംഗ് യോഗങ്ങള്‍ ചേരും. ഈ യോഗങ്ങള്‍ എല്ലാ മാസവും തുടരുന്നതിനും തീരുമാനിച്ചു. അരിലോറി സമരം തീരുന്ന മുറയ്ക്ക് ഓരോ മാസവും രണ്ടു ഘട്ടമായി റേഷന്‍ കടകളില്‍ വാതില്‍പടി വിതരണം നടത്തുവാനും യോഗം തീരുമാനിച്ചു.
എല്ലാ മാസവും പത്ത് ദിവസത്തിനുള്ളില്‍ വാതില്‍പടി വിതരണം പൂര്‍ത്തിയാക്കുവാനും തീരുമാനിച്ചു.