വിദ്യാഭ്യാസനയം അടയാളപ്പെടുത്തുന്നത് പുരോഗതി: മന്ത്രി വീണാ ജോര്‍ജ്
1494034
Friday, January 10, 2025 3:49 AM IST
കടമ്മനിട്ട: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി വിദ്യാലയം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൂർവികരുടെ ദീർഘവീക്ഷണമാണ് തലമുറകളെ പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയിൽ നൂറ് കൊല്ലം മുന്‍പ് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയതിലൂടെ നൂറുകണക്കിനാളുകളാണ് വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലേക്ക് വളർന്നത്.
ഒരു നാടിനെ ഈ വിദ്യാലയം രൂപപ്പെടുത്തി. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതിയിലും പങ്കുവഹിച്ചതായും വീണാ ജോർജ് പറഞ്ഞു. കാവുങ്കോട് ഗോവിന്ദക്കുറുപ്പ്, പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാര് തുടങ്ങി സ്കൂളിന്റെ ആദ്യകാലപ്രവർത്തകർക്ക് മരണാനന്തര ശതാബ്ദി പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, സ്വാഗത സംഘം ചെയര്മാന് വി.കെ. പുരുഷോത്തമന് പിള്ള, കേരള ഫോക് ലോർ അക്കാദമി അഗം സുരേഷ് സോമ, പ്രിന്‍സിപ്പല്‍ പി.വി. ഗീതാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.