പ്രത്യാശയുള്ള തീർഥാടകർ ഉത്സാഹത്തോടെ മുന്നേറും: മാർ ജോസ് പുളിക്കൽ
1490928
Monday, December 30, 2024 4:38 AM IST
കാഞ്ഞിരപ്പള്ളി: പ്രത്യാശയുള്ള തീർഥാടകർ ഉത്സാഹത്തോടെ മുന്നേറുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ഇന്നലെ രാവിലെ 6.30ന് അർപ്പിച്ച വിശുദ്ധ കുർബാനയോടനുബന്ധിച്ച് മിശിഹാ വർഷം 2025 ജൂബിലിയുടെ രൂപതാതല ആചരണത്തിന് തുടക്കം കുറിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ.
ഒരു സാഹചര്യത്തിനും നിരാശമാക്കാനാവത്ത പ്രത്യാശയിൽ ആഴപ്പെട്ടവർക്കാണ് സുഗമമായ യാത്ര സാധ്യമാകുന്നത്. വിശ്വാസ ബോധ്യത്തിൽനിന്നാണ് ഹൃദയം ശാന്തമാകുന്നത്. ജീവിതത്തിലെ എല്ലാ സാഹചര്യത്തെയും വിശ്വാസബോധ്യത്തിൽനിന്നും വ്യാഖ്യാനിക്കുന്നവർ പ്രതിസന്ധികളിൽ ഇടറില്ല. വ്യക്തിപരമായ വിലയിരുത്തലുകളും കണ്ടെത്തലുകളും നടത്തി വിശ്വാസജീവിതത്തിൽ പ്രത്യാശയോടെ തീർഥാടനം നടത്തുന്നവരാകുവാൻ നമുക്ക് കഴിയണമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലെ ഉത്ഥാനഗീതത്തോടനുബന്ധിച്ചുള്ള ദീപം തെളിക്കൽ ശുശ്രൂഷയോടെയാണ് രൂപതാതല ജൂബിലി വർഷാചരണത്തിന് തുടക്കമായത്. ഇടവകതല ജൂബിലി വർഷാചരണത്തിന് ദനഹാ തിരുനാൾ റംശനമസ്കാരത്തിലെ ദീപം തെളിക്കൽ ശുശ്രൂഷയോടെയാണ് തുടക്കമാകുന്നത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 25 വർഷത്തിലൊരിക്കൽ തുറക്കുന്ന വിശുദ്ധ വാതിൽ പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് മുമ്പായി മാർ ഫ്രാൻസിസ് പാപ്പ തുറന്നതോടെയാണ് ഈശോ മിശിഹായുടെ മനുഷ്യാവതാര ജൂബിലി വർഷാചരണത്തിന് തിരിതെളിഞ്ഞത്. ഇതിനോട് ചേർന്നാണ് രൂപതകളിലെ വർഷാചരണം.
ആരാധനക്രമ വിശ്വാസജീവിത പരിശീലന പരിപാടികൾ, വിശുദ്ധ കുമ്പസാരത്തിനുള്ള അധിക സൗകര്യങ്ങൾ, തീർഥാടനങ്ങളുടെ പ്രോത്സാഹനം എന്നിവയിലൂടെ വിശ്വാസ ജീവിതത്തിന് ശക്തിപകരുന്ന വിവിധ കർമപദ്ധതികൾ ജൂബിലി വർഷത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ നടപ്പിലാക്കും.
സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ, ഫാ. ജോർജ് കുഴുപ്പിള്ളിൽ, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. തോമസുകുട്ടി ആലപ്പാട്ടുകുന്നേൽ എന്നിവരുൾപ്പെടെയുള്ള വിശ്വാസിസമൂഹം തിരുക്കർമങ്ങളിൽ പങ്കുചേർന്നു.