മണിയാർ ജലവൈദ്യുത പദ്ധതി: സിപിഎമ്മിന്റെ ഒത്തുകളി വ്യക്തമായെന്ന് പഴകുളം മധു
1491801
Thursday, January 2, 2025 4:14 AM IST
പത്തനംതിട്ട: മണിയാർ ജലവൈദ്യുത പദ്ധതി കരാർ കാലാവധി കഴിഞ്ഞിട്ടും നീട്ടിക്കൊടുക്കുന്നത് ഏഴ് വൻകിട പദ്ധതികൾ നടപ്പാക്കാമെന്നുള്ള വാഗ്ദാനം സ്വീകരിച്ചാണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന കാർബൊറാണ്ടം കമ്പനിയുമായുള്ള സിപിഎമ്മിന്റെ ഒത്തുകളിയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു.
കാർബൊറാണ്ടം കമ്പനി മറ്റ് ഏഴു വൻകിട പദ്ധതികൾക്ക് ഉറപ്പ് നൽകിയെന്നതു സംബന്ധിച്ച് രാജു ഏബ്രഹാം വിശദീകരണം നൽകണം. കരാർ വിവരങ്ങൾ പുറത്തു നൽകണം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഈ കന്പനി കേരളത്തിനു നൽകിയ സംഭാവനകളും വ്യക്തമാക്കണം.
അഴിമതിക്ക് കൂട്ടുനിൽക്കുന്ന നിലപാടാണ് പുതിയ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വെളിവാക്കുന്നതെന്നും പഴകുളം മധു പറഞ്ഞു.
ജില്ലയുടെ അഭിമാനമായ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് മറിച്ചു കൊടുക്കുന്നത് സിപിഎം ജില്ലാ നേതൃത്വംകൂടി അറിഞ്ഞുകൊണ്ടാണെന്നു വ്യക്തമായി. പിന്നാലെ അള്ളുങ്കൽ, കാരിക്കയം പദ്ധതികളും സ്വകാര്യമേഖലയിൽ തുടരുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞിരിക്കുകയാണ്.