വനം നിയമ ഭേദഗതിക്കെതിരേ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്
1491795
Thursday, January 2, 2025 4:03 AM IST
റാന്നി: കേരള വന ഭേദഗതി 2024നെ ജനങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്നു പ്രമേയം പാസാക്കി. വനംവകുപ്പിന്റെ ഗുണ്ടാരാജിനു വഴിതെളിക്കുമെന്ന നിയമ ഭേദഗതികള്‍ ഒഴിവാക്കണമെന്ന് പ്രമേയത്തിലൂടെ പഞ്ചായത്ത് ആവശ്യപ്പെട്ടു. ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്നതാണ് ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് പറഞ്ഞു.
കേരള വനനിയമ ഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് പുഴ എന്നതിന്റെ നിര്‍വചനത്തില്‍ വനത്തിലൂടെ ഒഴുകുന്ന പുഴ മാത്രമല്ല വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴ എന്നും രേഖപ്പെടുത്തിയിരിക്കുന്നത് സംശയാസ്പദമാണ്. കേരളത്തിലെ ഒട്ടുമിക്ക പുഴകളും ജനവാസ കേന്ദ്രങ്ങളിലും വനത്തിലും ഒക്കെ കയറിയിറങ്ങിയാണ് ഒഴുകുന്നത്.
ഇങ്ങനെയുള്ള മുഴുവന്‍ പുഴകളിലും വനംവകുപ്പിന്റെ അധികാരം ഉറപ്പിക്കാനുള്ള കുറുക്കുവഴിയാണ് ഈ നിയമ ഭേദഗതിയെന്ന് പഞ്ചായത്ത് സമിതി ചൂണ്ടിക്കാട്ടി. വനത്തിലൂടെ ഒഴുകുന്ന പുഴയ്ക്ക് വനംവകുപ്പിന് അധികാരം സ്ഥാപിക്കാമെങ്കിലും അതിനു പുറത്തേക്കുള്ള ഭാഗം തദ്ദേശ സ്ഥാപന അധികാര പരിധിയിലാണ്.
സംശയത്തിന്റെ മറവിൽ ആരുടെ വീട്ടിലും കയറി പരിശോധന നടത്താനും വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുവാനുമുള്ള അനിയന്ത്രിതമായ അധികാരം ഒഴിവാക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങളാണ് ഭേദഗതിയിലെ പല നിർദേശങ്ങളെന്നും പഞ്ചായത്ത് ഭരണസമിതി അഭിപ്രായപ്പെട്ടു.