കരോൾ സംഘത്തെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടസപ്പെട്ടു: പുതുശേരി
1491501
Wednesday, January 1, 2025 4:28 AM IST
കുമ്പനാട്: കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ആദ്യം പിടികൂടിയ നാലുപേർ ഒഴികെ സംഭവത്തിലുൾപ്പെട്ട മറ്റാരെയെങ്കിലും പിടികൂടാനോ കേസന്വേഷണം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനോ പോലീസ് ശ്രമിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള നാടകമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും പുതുശേരി കുറ്റപ്പെടുത്തി. കത്തിയും കമ്പിവടിയുമടക്കം മാരകായുധങ്ങളുമായി സംഘം ചേർന്ന് നടത്തിയ ആക്രമണമായിട്ടും ഇതിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ഉണ്ടായിട്ടും സംഭവം നടന്ന് ആറ് ദിവസം പിന്നിടുമ്പോഴും അന്വേഷണ പുരോഗതിയോ അറസ്റ്റ് അടക്കമുള്ള നടപടികളോ ഉണ്ടാകാത്തത് പ്രതികൾക്ക് ഭരണനേതൃത്വം സംരക്ഷണം നൽകുന്നതിനാലാണെന്ന് പുതുശേരി കുറ്റപ്പെടുത്തി.
ഇത്തരം ആക്രമണസംഭവങ്ങളിൽ ചാടിവീണ് ഉറഞ്ഞുതുള്ളുന്ന സിപിഎം നേതൃത്വം ഈ സംഭവത്തിൽ ഇതേവരെ ഒരക്ഷരംപോലും ഉരിയാടാത്തത് അർഥഗർഭമാണെന്നും എന്നാൽ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തുന്ന ചെറിയ വീഴ്ചപോലും വലിയ ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.