മഞ്ഞനിക്കര സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ശതാബ്ദി ഉദ്ഘാടനം അഞ്ചിന്
1491791
Thursday, January 2, 2025 4:02 AM IST
പത്തനംതിട്ട: മഞ്ഞനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ ആരംഭിച്ചു. ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്നു രാവിലെ 6.30 ന് കുർബാന, തുടർന്ന് പാണംപടി പള്ളിയിൽനിന്നും പാത്രിയർക്കാ പതാക പ്രയാണം ആരംഭിച്ച് വൈകുന്നേരം 4.30 ന് മഞ്ഞനിക്കരയിൽ എത്തിച്ചേരും.
അഞ്ചിനു രാവിലെ 8.30 ന് കുർബാന, 11 ന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, ജില്ലാപഞ്ചായത്തംഗം ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ പ്രസംഗിക്കും.
ശതാബ്ദിയോടനുബന്ധിച്ച് സ്മാരകമന്ദിര നിർമാണം, നിർധനർക്ക് ഭവനം നിർമിച്ചു നൽകൽ, സ്വയം തൊഴിൽ സഹായ നിധി, പഠനസഹായ നിധി, പാലിയേറ്റീവ് കെയർ യൂണിറ്റ്, ചികിത്സാ സഹായം തുടങ്ങി വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.
വിവിധ ആത്മീയ സംഘടനകളുടെ സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രകൃതി സംരക്ഷണത്തിൽ സാമൂഹിക വനവത്കരണ പരിപാടികൾ, കൗൺസിലിംഗ് ക്ലാസുകൾ, വിവിധ ബോധവത്കരണ ക്ലാസുകൾ, സ്ത്രീ ശക്തീകരണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
പെരുന്നാളിനോടനുബന്ധിച്ച റാസ ഏഴിനു രാത്രി ഏഴിനു നടക്കും. എട്ടിനു രാവിലെ എട്ടിന് കുർബാനയ്ക്ക് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
വികാരി ഫാ. എബി സ്റ്റീഫൻ, സഹവികാരി ഫാ. ബോബി ജി. വർഗീസ്, റോയിസ് മാത്യു, വർഗീസ് ജി. ഡാനിയേൽ, രാജൻ ജോർജ്, സെബി പി. മാത്യു, മോനി ഡാനിയേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.