ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് : കാനനപാതയിലൂടെയുള്ള പ്രത്യേക പാസ് നിര്‍ത്തലാക്കി
1491789
Thursday, January 2, 2025 4:02 AM IST
ശബരിമല: കാനനപാതയിലൂടെ കാല്‍നടയായി വരുന്ന അയ്യപ്പഭക്തര്‍ക്ക് മുക്കുഴിയില്‍ പ്രത്യേക പാസ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പവഴി വെര്‍ച്വല്‍ ക്യൂ ആയും സ്പോട്ട് ബുക്കിംഗായും വരുന്ന അയ്യപ്പഭക്തര്‍ ദര്‍ശനം കിട്ടാതെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ അറിയിച്ചു.
5,000 പേര്‍ക്ക് പ്രത്യേക പാസ് നല്‍കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, കാനനപാതവഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സ്പെഷല്‍ പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നല്‍കേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം.
ഭക്തജനത്തിരക്ക് വര്‍ധിച്ചതിനേത്തുടര്‍ന്ന് പമ്പ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരെ പമ്പയില്‍ തടഞ്ഞ് ഘട്ടംഘട്ടമായാണ് കയറ്റിവിട്ടത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ ശബരിപീഠവും പിന്നിട്ട് അപ്പാച്ചിമേട് ഭാഗത്തേക്ക് കടന്നതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പുതുവത്സരാഘോഷം ശബരിമലയിലും
ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ് ടീം, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഫയർ ഫോഴ്സ്, മറ്റു വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവത്സരത്തെ വരവേറ്റു.
ഹാപ്പി ന്യൂ ഇയറെന്ന് കർപ്പൂരം കൊണ്ടെഴുതിയാണ് പുതുവർഷത്തെ വരവേറ്റത്. ചോക്കുകൊണ്ട് വരച്ച കളങ്ങളിൽ കർപ്പൂരം നിറച്ചശേഷം പുതുവർഷം പിറന്ന സമയം ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകർന്നു.
സന്നിധാനത്തെത്തിയ അയ്യപ്പഭക്തർക്കും ഇത് കൗതുകക്കാഴ്ചയായി. ശരണം വിളികളോടെയും പുതുവത്സരാശംസകൾ നേർന്നും അവർ ആഘോഷത്തിന്റെ ഭാഗമായി.