മാലിന്യമുക്ത നവകേരളം കാന്പെയ്ൻ ഇന്നു മുതൽ
1491496
Wednesday, January 1, 2025 4:28 AM IST
പത്തനംതിട്ട: പുതുവർഷത്തിൽ മാലിന്യ വിമുക്ത പ്രവർത്തനങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കാൻ വിപുലമായ പരിപാടികളുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. മാലിന്യമുക്ത നവകേരളം ജനകീയ കാന്പെയ്ന്റെ ഭാഗമായി ഇന്നു മുതൽ ഏഴുവരെ ജില്ലയിൽ വലിച്ചെറിയൽ വിരുദ്ധവാരം ആചരിക്കും.
ഇന്ന് പത്തനംതിട്ട കളക്ടറേറ്റിലും ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തും മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി കാന്പെയ്നു തുടക്കമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ വലിച്ചെറിയൽ വിരുദ്ധവാരാചരണം ഉദ്ഘാടനം ചെയ്യും.
ഈ ആഴ്ച ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ മിഷനുമായി സഹകരിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ, മേളകൾ, ജാഥകൾ, പൊതുപരിപാടികൾ, ബസ്സ്റ്റാൻഡ് പരിസരങ്ങൾ എന്നിവടങ്ങളിൽ വലിച്ചെറിയൽ വിരുദ്ധ കാന്പെയ്നുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കും.