പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി പത്തനംതിട്ട : നിരത്തുകളിൽ ഇനി രക്തം ഒഴുകാതിരിക്കട്ടെ...
1491484
Wednesday, January 1, 2025 4:19 AM IST
പത്തനംതിട്ട: അപകടരഹിത വർഷമാകട്ടെ 2025 എന്ന ആശംസയാണ് പത്തനംതിട്ട ജില്ലയിലെ നിരത്തുകളിൽ ഇന്ന് മുഴങ്ങേണ്ടത്. അപകടനിരക്കിൽ വളരെയധികം വർധനയാണ് ജില്ലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു മോട്ടോർ വാഹനവകുപ്പും പോലീസും ഒരേപോലെ പറയുന്നു.
സുരക്ഷിതമായ ഡ്രൈവിംഗിനുള്ള ബോധവത്കരണവുമായി എസ്പിസി അടക്കമുള്ളവയെ രംഗത്തിറക്കാൻ പോലീസ് ആലോചിക്കുകയാണ്. മോട്ടോർ വാഹനവകുപ്പ് പരിശോധനകളും നടപടികളും ഊർജിതമാക്കി അപകടങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള തയാറെടുപ്പിലുമാണ്.
ജില്ലയില ഒട്ടുമിക്ക റോഡുകളും ബിഎം ബിസി നിലവാരത്തിൽ പുനർനിർമാണം നടത്തിയതിന്റെ നേട്ടം ഭരണമുന്നണിയും എംഎൽഎമാരും ഒന്നിച്ച് അവകാശപ്പെടുന്പോഴും നിരത്തുകളിൽ മുന്പെങ്ങും ഉണ്ടാകാത്തവിധം ചോരപ്പാടുകൾ കണ്ട ഒരുവർഷമാണ് പടിയിറങ്ങിയത്.
ഏറ്റവുമധികം അപകടങ്ങൾ നടന്നത് സംസ്ഥാനപാതകളായ പിഎം റോഡിലും എംസി റോഡിലുമാണ്. മറ്റൊരു സംസ്ഥാന പാതയായ ടികെ റോഡും അപകടനിരക്കിൽ പിന്നിലായിരുന്നില്ല.
ഇതിൽതന്നെ പിഎം റോഡിൽ പതിനഞ്ചോളം അപകടമരണങ്ങൾ കഴിഞ്ഞ വർഷമുണ്ടായി.
റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയും പരിചയക്കുറവും എല്ലാംകൂടി ചേരുന്പോൾ അപകടങ്ങൾക്കു കുറവില്ല. ശബരിമല തീർഥാടകരുടെ പ്രധാന പാത കൂടിയായതിനാൽ ഇതര സംസ്ഥാന വാഹനങ്ങളടക്കം പ്രതിദിന അപകടങ്ങളിലും കുറവില്ല.
പുനലൂർ - മൂവാറ്റുപുഴ റോഡ് വീതികൂട്ടി പുനർനിർമിച്ചുവെങ്കിലും നിർമാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആക്ഷേപങ്ങളാണ് നിലനിൽക്കുന്നത്. നിർദേശിക്കപ്പെട്ട വീതി പലയിടങ്ങളിലും റോഡിനുണ്ടായില്ല. വളവുകൾ നിവർത്താനുള്ള പദ്ധതികളും നടപ്പായില്ല. കാൽനൂറ്റാണ്ടു മുന്പ് തയാറാക്കിയ അലൈൻമെന്റും പദ്ധതികളുമായി നിർമാണം നടത്തിയ റോഡ് ഇപ്പോഴും പൂർണമായിട്ടില്ല.
കെഎസ്ടിപി ഏറ്റെടുത്ത് മൂവാറ്റുപുഴ മുതൽ തൊടുപുഴവരെയും പിന്നീട് പൊൻകുന്നംവരെയും ആദ്യഘട്ടത്തിൽ പൂർത്തിയാക്കി. പൊൻകുന്നം - പുനലൂർ ഭാഗം മൂന്ന് റീച്ചുകളായാണ് കരാർ നൽകിയത്. പൊൻകുന്നം - പ്ലാച്ചേറി റീച്ച് നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. പ്ലാച്ചേരി - കോന്നി, കോന്നി - പുനലൂർ റീച്ചുകളുടെ 90 ശതമാനം ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്.
എന്നാൽ, സാങ്കേതികതടസങ്ങളും നിർമാണത്തിലെ അശാസ്ത്രീയതയും ഈ ഭാഗങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ഇതോടെ വാഹനാപകടങ്ങളും പെരുകി. നേരത്തെ ഏറ്റെടുത്ത് കല്ലുകൾ ഇട്ട ഭാഗങ്ങളിലെ അളവുകൾ കൃത്യമായി പരിശോധിക്കാതെയാണ് നിർമാണം നടത്തിയത്. വളവുകൾ നിവർത്താനുള്ള ശ്രമം പലയിടത്തും വിജയിച്ചില്ല.
ഇത്തരം സ്ഥലങ്ങളിൽ നിർമാണം അശാസ്ത്രീയമായി. ഇടിതാങ്ങികളും ഓടകളും അപകടങ്ങൾക്കു കാരണമായി മാറിയിട്ടുണ്ട്. നടപ്പാതകൾ, വാഹനപാർക്കിംഗിനുള്ള സ്ഥലം, സൈക്കിൾ പാത, രാത്രികാല യാത്രയിലെ വെളിച്ചക്കുറവ്, സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം ഇവയെല്ലാം അപകടങ്ങൾക്കു കാരണമാകുന്നു.
വളവുകൾതന്നെ പ്രധാന വില്ലൻ
പിഎം റോഡിലും ടികെ റോഡിലും അപകട വളവുകളാണ് പ്രധാന വില്ലൻ. കയറ്റവും ഇറക്കവും നിറഞ്ഞ പാതകളിൽ വളവുകൾ നിവർക്കണമെന്ന ആവശ്യം നിലനിൽക്കുന്നു. പിഎം റോഡ് പുനർ നിർമാണവുമായി ബന്ധപ്പെട്ട് വളവുകൾ നിവർത്തി നിർമാണം നടത്താൻ പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി നിരവധി സർവേകൾ നടത്തി കല്ലുകൾ സ്ഥാപിച്ചു.
എന്നാൽ, നിർമാണം അനന്തമായി നീണ്ടതോടെ ഏറ്റെടുത്ത സ്ഥലത്തിന് അർഹമായ വില കിട്ടിയവർ ഉൾപ്പെടെ അതിരുകല്ലുകൾ നീക്കം ചെയ്തിരുന്നു. പലരും തങ്ങളുടെ സൗകര്യാർഥം കല്ലുകൾ മാറ്റിയിട്ടു. ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയെർന്നെങ്കിലും സർവേ കല്ലുകളുടെ യഥാർഥ സ്ഥാനം കണ്ടെത്തി നിർമാണം നടത്താൻ കെഎസ്ടിപിയോ കരാറുകാരോ ശ്രദ്ധിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
വ്യക്തി താത്പര്യങ്ങൾ നിർമാണഘട്ടത്തിൽ വ്യാപകമായുണ്ടായി. ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ നിരവധിയാണ്. സ്ഥലം ഏറ്റെടുക്കൽപോലും പൂർത്തിയാക്കാത്ത മേഖലകളുണ്ട്.
ടികെ റോഡിലും വളവുകളാണ് പ്രധാന പ്രശ്നം. സമീപകാലത്തൊന്നും റോഡുമായി ബന്ധപ്പെട്ട വികസന പ്രവർത്തനം നടന്നിട്ടില്ല. ഇക്കാരണത്താൽ ഉള്ള വീതിപോലും കാടുകയറിയിരിക്കുകയാണ്. സുരക്ഷാബോർഡുകളോ റിഫ്ളക്ടറുകളോ കാണാനില്ല. ചില സ്ഥലങ്ങളിലെ കുഴികളും ഭീഷണിയാണ്. വളവുകൾ നിവർത്തുകയോ വീതി കൂട്ടുകയോ ചെയ്താൽ മാത്രമേ അപകടസാധ്യത കുറയ്ക്കാനാകൂ.
കഴിഞ്ഞയാഴ്ചയും പുല്ലാട് ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി നടന്നു. ദന്പതികളാണ് അപകടത്തിൽ മരിച്ചത്. പുല്ലാട്ടുനിന്നുള്ള മല്ലപ്പള്ളി റോഡിലും സമാന അവസ്ഥയാണ്. റോഡിന്റെ പല ഭാഗങ്ങളും അപകട സാധ്യത നിറഞ്ഞു നിൽക്കുന്നവയാണ്.