വെറുക്കപ്പെട്ടവരെ എടുക്കില്ല; തെറ്റു തിരുത്തി എത്തുന്നവർക്കു സ്വാഗതം: രാജു ഏബ്രഹാം
1491492
Wednesday, January 1, 2025 4:19 AM IST
നിലപാടുകൾ വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി
പത്തനംതിട്ട: ജനങ്ങളാൽ വെറുക്കപ്പെട്ടവരെ സിപിഎമ്മിലേക്ക് എടുക്കാനുദ്ദേശിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. പത്തനംതിട്ട പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, തെറ്റുതിരുത്തി വരുന്നവരെ പാർട്ടി അനുഭാവികളായി സ്വീകരിക്കും. നല്ല മനുഷ്യരാക്കി ഇവരെ മാറ്റിയെടുക്കുകയെന്നത് സിപിഎമ്മിന്റെ നയമാണ്. മനുഷ്യസ്നേഹമാണ് മാർക്സിസവും ലെനിനിസവും പഠിപ്പിക്കുന്നത്. ഗുരുതര കുറ്റം ചെയ്യുന്നവർക്ക് പാർട്ടി സംരക്ഷണമാകുമെന്ന് ആരും കരുതേണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. അത്തരക്കാരെ സിപിഎം ഒരിക്കലും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് പ്രധാന ചുമതല. പരമാവധി ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരികയാണു ലക്ഷ്യം. വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള നിരവധിപേർ അടുത്ത ദിവസങ്ങളിൽ പാർട്ടിയിൽ ചേരും. തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്നിൽക്കണ്ടാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ വിജയം നിലനിർത്തും. കൂടാതെ വരുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കൂടുതൽ വിജയത്തിനായും പ്രവർത്തിക്കുമെന്നും രാജു പറഞ്ഞു.
സിപിഎം ജില്ലാ സമ്മേളനം നാട്ടിലെ ജനകീയ പ്രശ്നങ്ങൾ പലതും ചർച്ച ചെയ്യാനുള്ള വേദിയായി. നിർദിഷ്ട ശബരിമല വിമാനത്താവളം യാഥാർഥ്യമാക്കാനും ശബരി റെയിൽവേ പത്തനംതിട്ടവഴി തിരുവനന്തപുരംവരെ നീട്ടാനും പാർട്ടി ഇടപെടലുകൾ നടത്തും. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
വികസന പ്രവർത്തനങ്ങളിൽ എംഎൽഎമാർക്കൊപ്പം
ജില്ലയിലെ അഞ്ച് എംഎൽഎമാർ ഏറ്റെടുത്തിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ അവരോടൊപ്പം പാർട്ടി നേതൃത്വവും കൈത്താങ്ങ് നൽകും. പത്തനംതിട്ടയിൽ നടന്നുകൊണ്ടിരിക്കുന്നതുപോലെയുള്ള ഒരു സ്റ്റേഡിയം വികസനം തിരുവല്ലയിലും സാധ്യമാകണം. പിന്നാലെ മറ്റു സ്ഥലങ്ങളിലും സ്റ്റേഡിയങ്ങൾ ഉണ്ടാകണം. ചാമ്പ്യൻസ് ട്രോഫി ജില്ലയിലും നടപ്പാക്കാനാണ് ലക്ഷ്യം. ബണ്ട് സംരക്ഷണ പ്രവർത്തനങ്ങൾക്കടക്കം അപ്പർകുട്ടനാടിനും കുട്ടനാടിനു സമാനമായ രീതിയിൽ ഫണ്ട് അനുവദിക്കണം.
ജില്ലയിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വൈകിക്കൂട. കേന്ദ്രാനുമതിക്കായി സമർപ്പിച്ചിട്ടുള്ള ആറായിരത്തിലധികം പട്ടയങ്ങൾ തീർത്തും അർഹരായവരുടേതാണ്. 1977നു മുന്പ് കുടിയേറിയവർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നു തന്നെയാണ് സിപിഎം നയം. കേന്ദ്രാനുമതി ഇല്ലാതെ കോന്നിയിൽ 2015ൽ നൽകിയ പട്ടയങ്ങളാണ് സർക്കാർ റദ്ദ് ചെയ്തത്. പൊന്തൻപുഴയിലെ പട്ടയഭൂമി പ്രശ്നത്തിനും ശാശ്വത പരിഹാരം ഉണ്ടാകണം.
നാട്ടിലിറങ്ങിയ മൃഗങ്ങളെ ജനങ്ങൾ കൈകാര്യം ചെയ്യണം
കാടുവിട്ട് നാട്ടിലിറങ്ങിയ മൃഗങ്ങളെ നിയന്ത്രിക്കാൻ വനംവകുപ്പിനാകുന്നില്ലെങ്കിൽ അവയെ കൈകാര്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കു നൽകുകയാണു വേണ്ടതെന്ന് രാജു ഏബ്രഹാം അഭിപ്രായപ്പെട്ടു.
ഭക്ഷ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലാണ് കാട്ടുപന്നി ഉൾപ്പെടെയുള്ളവയുടെ ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഇവ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ഇക്കാര്യത്തിൽ ജനങ്ങളോടൊപ്പം നിൽക്കാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. തെരുവുനായ ശല്യത്തിനും പരിഹാരം കണ്ടെത്തണം.
കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ചില നിയമങ്ങളാണ് ഇത്തരം വിഷയങ്ങളിൽ തടസമാകുന്നതെന്നു രാജു ഏബ്രഹാം ചൂണ്ടിക്കാട്ടി.
മണിയാർ പദ്ധതി കരാർ നീട്ടുന്നത് കന്പനിയുടെ വാഗ്ദാനം വിശ്വസിച്ച്
കേരളത്തിൽ ഏഴ് വൻകിട പ്രോജക്ടുകൾ നടപ്പാക്കാമെന്ന കാർബോറാണ്ടം യൂണിവേഴ്സൽ കന്പനി രേഖാമൂലം നൽകിയ വാഗ്ദാനം സ്വീകരിച്ചാണ് മണിയാർ ജലവൈദ്യത പദ്ധതിയുടെ കരാർ നീട്ടി നൽകുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
കൂടുതൽ തൊഴിൽ സാധ്യതകളും മുതൽമുടക്കുമുള്ള പദ്ധതികൾ നടപ്പാക്കാൻ കന്പനി തയാറാകുമെങ്കിൽ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കരാർ നീട്ടിനൽകാമെന്ന ധാരണയാണുണ്ടായത്. കരാർ കാലാവധി പൂർത്തിയാകുന്ന ഇതര സ്വകാര്യ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ്പോൾ ആലോചിക്കേണ്ടതാണ്.
ഗവി ടൂറിസം കൂടുതൽവികസിക്കണം. അവിടെ പരിസ്ഥിതിക്ക് യോജിക്കുന്ന വികസനമാണ് വേണ്ടത്. കിഫ്ബി ഫണ്ട് വികസനപ്രവർത്തനങ്ങൾക്ക് ഏറെ സഹായിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ പല വികസന പ്രവർത്തനങ്ങളും കിഫ്ബി ഫണ്ടുപയോഗിച്ച് നടത്തിയതാണ്. കൂടുതൽ റോഡുകൾ ബിഎം ബിസി നിലവാരത്തിലേക്ക് ഉയർത്തിയെന്നതാണ് അടിസ്ഥാനപരമായ വികസന മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു.
ജി. സുധാകരനെ സംബന്ധിച്ച് ചർച്ചയേ ഉണ്ടായില്ല
മുൻമന്ത്രി ജി. സുധാകരനെ സംബന്ധിച്ച് ജില്ലാ സമ്മേളനത്തിൽ എന്തെങ്കിലും ചർച്ച ഉണ്ടായിട്ടില്ലെന്ന് രാജു ഏബ്രഹാം പറഞ്ഞു. ക്രിയാത്മകമായ ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്. നവീൻ ബാബു വിഷയത്തിൽ പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
സിബിഐ എന്ന ഏജൻസിയുടെ അന്വേഷണത്തിൽ സിപിഎമ്മിന് താത്പര്യക്കുറവുണ്ട്. ഏതുതരത്തിലുള്ള അന്വേഷണം ആവശ്യപ്പെടാനും കുടുംബത്തിന് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബാൻ മേൽപ്പാലം പത്തുവർഷം മുന്നിൽക്കണ്ട്
പത്തനംതിട്ടയിലെ അബാൻ മേൽപ്പാലം നിർമാണം പത്തുവർഷം മുന്നിൽക്കണ്ടാണ് നടക്കുന്നതെന്ന് രാജു ഏബ്രഹാം അഭിപ്രായപ്പെട്ടു. നിർമാണം പത്തുവർഷം കൂടി കഴിഞ്ഞാണെങ്കിൽ ചെലവ് ഭീമമായി വർധിക്കും. ഇപ്പോൾതന്നെ നിരത്തിൽ വാഹനങ്ങൾ പെരുകി.
പത്തനംതിട്ട ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും കോടിക്കണക്കിനു രൂപ ചെലവഴിച്ചാണ് കെട്ടിടനിർമാണം നടക്കുന്നത്. പത്തനംതിട്ട നഗരസഭാ ചെയർമാനും ആരോഗ്യമന്ത്രിയും തമ്മിൽ എന്തെങ്കിലും വിഷയങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശാഖൻ നന്ദി പറഞ്ഞു.