പാലാ സെന്റ് തോമസ് കോളജ് ജൂബിലി: സൈക്കിൾ റാലി മൈലപ്ര എസ്എച്ചിൽ
1491798
Thursday, January 2, 2025 4:14 AM IST
മൈലപ്ര: പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണത്തിന് മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂൾ മാനേജർ ഫാ. ജോർജ് സാമുവൽ, പ്രിൻസിപ്പൽ ജിമ്മി ലൈറ്റ് സി. ജോയ്സ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് റാലിയെ സ്വീകരിച്ചു.
പെൺകുട്ടികൾ ഉൾപ്പെടെയുള്ള 21 വിദ്യാർഥികളും ഏഴ് അധ്യാപകരുമടങ്ങുന്ന സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണം, വ്യായാമം, സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങൾ വിവിധ വിദ്യാലയങ്ങളിലെത്തി കൈമാറുകയാണ്. 12 ദിവസങ്ങൾ കൊണ്ട് ഏകദേശം 1300 കിലോമീറ്റർ റാലി പിന്നിട്ടു.
പാലാ സെന്റ് തോമസ് കോളജിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർത്തിയ അനശ്വര കായികപ്രതിഭ ജിമ്മി ജോർജിന്റെ ജന്മനാടായ പേരാവൂർ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ സൈക്കിൾ പ്രയാണം സ്വീകരണമേറ്റുവാങ്ങും.
പ്രകൃതി ദുരന്തത്തെ അതിജീവിച്ച വയനാട്ടിലെ മേപ്പാടി ഗ്രാമത്തിലെ വിദ്യാർഥികളെ സംഘാംഗങ്ങൾ നേരിൽ കാണും. രണ്ടു മാസത്തെ പരിശീലനത്തിനും മുന്നൊരുക്കത്തിനും ശേഷമാണ് ഡിസംബർ 30ന് സൈക്കിൾ പ്രയാണം ആരംഭിച്ചത്.