അപേക്ഷകൾ കൂട്ടിക്കെട്ടി കുളമാക്കി : കേന്ദ്രാനുമതിയിൽ പട്ടയം പ്രതീക്ഷിച്ച് 6,362 കുടുംബങ്ങൾ
1491787
Thursday, January 2, 2025 4:02 AM IST
പത്തനംതിട്ട: പതിറ്റാണ്ടുകൾ മുന്പേ കൈവശത്തിലുള്ള ഭൂമിക്കു പട്ടയം തേടിയുള്ള മലയോര ജനതയുടെ കാത്തിരിപ്പ് അനന്തമായി തുടരുന്നതിനിടെ നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ചകൾ നൂലാമാലയായി മാറുന്നു. മൂന്നും നാലും തലമുറകളുടെവരെ കൈവശത്തിലിരുന്ന ഭൂമിക്ക് വനം, റവന്യു വകുപ്പുകളുടെ തർക്കത്തിൽ കുടുങ്ങി പലയിടത്തും പട്ടയം വൈകിപ്പിക്കുകയാണ്.
ജില്ലയിൽ 6,362 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള അപേക്ഷ കേന്ദ്രാനുമതിക്കു സമർപ്പിച്ചിട്ടു മൂന്നു വർഷമായി. റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് പരിധിയിൽപ്പെട്ട സ്ഥലങ്ങളാണ് ഇവ. 1977 ജനുവരി ഒന്നിനു മുന്പായി കൈവശ ഭൂമിയിൽ താമസമാക്കിയവരാണെങ്കിലും സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കാൻ ഇവർ കാത്തിരിക്കുകയാണ്. നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിയതോടെ കാത്തിരിപ്പിനു നീളം ഏറുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആറായിരത്തിലധികം പട്ടയങ്ങൾക്ക് കേന്ദ്രാനുമതി തേടി അപേക്ഷ നൽകിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് ഇപ്പോഴത്തെ റവന്യു മന്ത്രി കെ. രാജൻ ചുമതലയേറ്റശേഷമാണ്. അപേക്ഷ നൽകിയതിനു പിന്നാലെ സംസ്ഥാന റവന്യു വകുപ്പ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടു. അപേക്ഷകളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രണ്ടുതവണ ഇതു മടക്കിയിരുന്നു.
വിശദീകരണക്കുറിപ്പുമായി തിരികെ നൽകിയതിനു പിന്നാലെ കേന്ദ്രസംഘം സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകി. ഇത്തരം നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ട് ഒന്നര വർഷം കഴിഞ്ഞുവെങ്കിലും പട്ടയം നൽകാൻ പച്ചക്കൊടി ലഭിച്ചിട്ടില്ല. കേന്ദ്രത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ മന്ത്രാലയത്തിൽ പുതിയ മന്ത്രിമാരും ഉദ്യോഗസ്ഥരും എത്തിയതും തടസമായതായി പറയുന്നു.
പെരുന്പെട്ടി പട്ടയവും പൊതു അപേക്ഷയുടെ ഭാഗമായി
ജില്ലയുടെ ഇതര പ്രദേശങ്ങളിലെ പട്ടയപ്രശ്നങ്ങളുമായി സാമ്യമില്ലാത്തതാണ് പെരുന്പെട്ടിയിലെ വിഷയമെങ്കിലും ഇതുകൂടി പൊതു അപേക്ഷയുടെ ഭാഗമാക്കി നൽകിയത് അനുമതിക്കു തടസമായതായി പറയുന്നു.
വനമാണെന്ന തെറ്റിദ്ധാരണയിൽ കൈയേറ്റ വനഭൂമിയുടെ പട്ടികയിൽ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി ഉൾപ്പെടുത്തിയതാണ് പെരുന്പെട്ടിയിലെ 512 കർഷകരുടെ പട്ടയം തടസപ്പെട്ടത്. 1958ലെ വനവിജ്ഞാപനമനുസരിച്ച് വനപരിധിക്ക് പുറത്തുള്ള സ്ഥലം കൈയേറ്റ വനഭൂമിയുടെ പട്ടികയിൽപ്പെടുത്തി ക്രമവത്കരിക്കാൻ നടത്തുന്ന സമാനതകൾ ഇല്ലാത്ത ഒരു പിശകാണ് പെരുമ്പെട്ടി പട്ടയവിഷയത്തിൽ സംഭവിച്ചത്.
കൊല്ലമുള, പെരുനാട്, വടശേരിക്കര, അത്തിക്കയം വില്ലേജുകളിലെ 1977നു മുമ്പുള്ള കൈയേറ്റം ക്രമപ്പെടുത്തുന്നതുപോലെ പെരുന്പെട്ടി വിഷയം പരിഹരിക്കാൻ കഴിയില്ല. സർക്കാരിന്റെ നിർദേശപ്രകാരം 2019ൽ നടന്ന സംയുക്ത സർവേയിലും പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വലിയകാവ് വനപരിധിക്കു പുറത്താണെന്ന് വ്യക്തമായി. ഏറ്റവുമൊടുവിൽ ഡിജിറ്റൽ സർവേയിലും വനഭൂമി വ്യക്തമാണ്.
എന്നാൽ, വനമല്ലാത്ത 104. 1 5 ഹെക്ടർ ഭൂമിയെ വനമെന്ന തെറ്റിദ്ധാരണയുടെ പേരിൽ കേന്ദ്രഗവൺമെന്റിനുള്ള അപേക്ഷയിൽ ചേർക്കുകയാണുണ്ടായത്. ഇതിലൂടെ കേന്ദ്രവനസംരക്ഷണ നിയമത്തിന്റെ ഗുരുതരമായ ലംഘനമുണ്ടായെന്നും പട്ടികയിൽ ചേർത്ത അത്രയും തന്നെ അളവു യഥാർഥ വനം നഷ്ടപ്പെടുന്നതിന് ഇടവരുത്തുമെന്നും മനസിലാക്കിയ ഉദ്യോഗസ്ഥർ തങ്ങൾ വരുത്തിയ പിശക് കേന്ദ്ര, കേരള സർക്കാരുകളുടെ മുമ്പിൽനിന്ന് മറച്ചുവയ്ക്കുന്നതിനുള്ള ശ്രമമാണ് പിന്നീടുണ്ടായത്.
മൊത്തം പട്ടയം അപേക്ഷകളെയും പെരുന്പെട്ടിപ്രശ്നം കുരുക്കി
പത്തനംതിട്ട ജില്ലയിലെ 6362 പട്ടയങ്ങൾക്കുള്ള അപേക്ഷ പാസാക്കിയെടുക്കാൻ കഴിയാത്തത ആ അപേക്ഷയ്ക്കുള്ളിൽ വനത്തിൽ ഉൾപ്പെടാത്ത പെരുമ്പെട്ടിയിലെ ഭൂമികൂടി ചേർത്തതിനാലാണ്. വലിയകാവ് റിസർവിന്റെ കാര്യത്തിൽ സുപ്രീംകോടതിയുടെ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് നിലവിലുണ്ട്.
പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വലിയകാവ് വനത്തിൽ ഉൾപ്പെട്ടതാണെന്ന് തെറ്റായി പറഞ്ഞതിലൂടെ സുപ്രീംകോടതിയുടെ ഉത്തരവ് ജില്ലയിലെ മുഴുവൻ കർഷകരേയും ബാധിക്കുന്ന അവസ്ഥയിൽ എത്തിക്കുകയായിരുന്നു ഉദ്യോഗസ്ഥർ.
പെരുമ്പെട്ടിയിൽ 2019ൽ നടന്ന സർവേയുടെ റിപ്പോർട്ട് കർഷകരുടെ ഭൂമി വനപരിധിക്ക് പുറത്താണെന്നു വ്യക്തമായി പ്രസ്താവിക്കുന്നതിനാൽ കേന്ദ്രത്തിനയച്ച പട്ടികയിൽനിന്ന് പെരുമ്പെട്ടിയിലെ 414 കർഷകരുടെ പേര് നീക്കം ചെയ്തുകൊണ്ടു പെരുമ്പെട്ടിയിലെ കർഷകർക്ക് 1964ലെ ഭൂമിപതിവ് നിയമപ്രകാരവും ജില്ലയിലെ മറ്റു കർഷകർക്ക് കേന്ദ്രാനുമതിയോടെയും പട്ടയം നൽകുകയാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം.
ഡിജിറ്റൽ സർവേ ആശാവഹം
പെരുന്പെട്ടി വില്ലേജിലെ ഡിജിറ്റൽ സർവേ പൂർത്തീകരിക്കുന്നതിലൂടെ പട്ടയം ലഭിക്കുന്ന കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഡിജിറ്റൽ റീസർവേയിൽ 704 കൈവശങ്ങളാണ് വനത്തിൽ ഉൾപ്പെടാത്തതായി കണ്ടെത്തിയിട്ടുള്ളത്. റവന്യു സംഘം ആറു ടീമുകളായി കൈവശഭൂമിയിൽ പരിശോധന നടത്തി.
ഇനി ഇക്കാര്യത്തിൽ ഉന്നതതലയോഗം ചേർന്ന് തീരുമാനമെടുക്കണം. സ്വന്തം നിലയിൽ പെരുന്പെട്ടിക്കാർക്ക് പട്ടയം നൽകാൻ റവന്യുവകുപ്പ് തീരുമാനിച്ചാൽ നിലവിലെ പട്ടയപ്രശ്നത്തിൽ ഒരുപരിധിവരെ പരിഹാരമായേക്കും.