നരിയാപുരത്തും കിടങ്ങന്നൂരിലും അപകടം: രണ്ടുപേർ മരിച്ചു
1491794
Thursday, January 2, 2025 4:02 AM IST
പത്തനംതിട്ട: പിക്കപ്പ് വാനിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യക്കും മകള്‍ക്കും പരിക്കേറ്റു. മാവേലിക്കര കോട്ടയ്ക്കകം ഗണേഷ് മന്ദിരത്തില്‍ അനന്തകൃഷ്ണന്റെ മകന് അഖില്‍ കൃഷ്ണനാണ് (32) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കൈപ്പട്ടൂര്‍ - പന്തളം റോഡില്‍ നരിയാപുരം ഓര്‍ത്തഡോക്സ് പള്ളിക്കു സമീപമായിരുന്നു അപകടം.
അഖിലും കുടുംബവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് നിയന്ത്രണംവിട്ട പിക്കപ് വാന്‍ ഇടിച്ചു കയറി. സ്കൂട്ടര്‍ അടുത്ത ടെലിഫോണ്‍ പോസ്റ്റിലേക്ക് ചേര്‍ത്ത് അമര്‍ത്തിയ നിലയിലായിരുന്നു. പിക്കപ് വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായി പറയുന്നത്. ഭാര്യ ഐശ്വര്യ മോഹന്റെ വള്ളിക്കോടുള്ള വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍.
കോഴഞ്ചേരി: വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വല്ലന - കോട്ട തട്ടാശേരില്‍ ബിജു ചാക്കോയാണ് (52) മരിച്ചത്. ഇന്നലെ രാവിലെ 9.50നായിരുന്നു അപകടം. കിടങ്ങന്നൂര്‍ - മുളക്കുഴ റോഡില്‍ കിടങ്ങന്നൂര്‍ സെന്തോം മാര്‍ത്തോമ്മ പാരീഷ് ഹാളിന് സമീപത്തായിരുന്നു അപകടം.
മകള്‍ സിമിയെ ബസ് കയറ്റിവിടാനായി കിടങ്ങന്നൂര്‍ ജംഗ്ഷനിലേക്ക് സ്കൂട്ടറില്‍ വരുന്പോൾ കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്ത് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടറില്‍നിന്നു തെറിച്ചുവീണ ബിജു ചാക്കോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മകള്‍ സിമി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ആറന്മുള പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.