കൈവശ കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന്
1491493
Wednesday, January 1, 2025 4:19 AM IST
പത്തനംതിട്ട: അർഹരായ എല്ലാ കൈവശ കർഷകർക്കും കൈവശ ഭൂമിയിൽ സ്വന്തമായി നട്ടുവളർത്തിയ വൃക്ഷങ്ങൾ വെട്ടാനാവുന്നവിധം ബാധ്യതരഹിത പട്ടയം അനുവദിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സമ്മേളനം കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിൽ കൈവശകൃഷിക്കാർക്ക് പട്ടയം അനുവദിക്കാനുള്ള നടപടിയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ആയിരക്കണക്കിനാളുകൾക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. 1977ന് മുമ്പ് വനഭൂമി കൈവശമുള്ളവർ, ഊർജിത ഭക്ഷ്യോത്പാദന പദ്ധതിയുടെ ഭാഗമായി ഭൂമി ലഭിച്ചവർ, എക്സ് സർവീസ്മെൻ കോളനിയിലുള്ളവർ, റവന്യു പുറമ്പോക്ക് ഭൂമി കൈവശക്കാർ, മല്ലപ്പള്ളി പെരുമ്പെട്ടി വനഭൂമിക്ക് പുറത്ത് കുടിപാർക്കുന്നവർ തുടങ്ങി 6,000ത്തോളം ആളുകൾക്ക് ജില്ലയിൽ പട്ടയം ലഭിക്കാനുണ്ട്.
1980കളിൽ വനംവകുപ്പും റവന്യു വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
കൈവശക്കാരുടെ രണ്ടും മൂന്നും തലമുറയിൽപ്പെട്ടവരാണ് ഇപ്പോൾ ഭൂമി കൈകാര്യം ചെയ്യുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.