പ്രവാസിയുടെ ഭൂമി പോലീസ് കൈയേറുന്നതായി പരാതി
1491502
Wednesday, January 1, 2025 4:28 AM IST
പത്തനംതിട്ട: പ്രവാസിയുടെ സ്വന്തം ഭൂമി കൈയേറാൻ പോലീസ് നീക്കം. 30 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെങ്കിലും ഭൂമി ഒഴിയാന്‍ തയാറാകുന്നില്ലെന്നും പരാതി. പോലീസിന്റെ നടപടിതന്നെ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുകയാണെന്ന് ഏറത്ത് പുളിവിള കിഴക്കേതില്‍ മോന്‍സി മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു.
വടക്കടത്തുകാവ് ബറ്റാലിയന് കെഎപി മൂന്ന് പോലീസ് ക്യാമ്പിന് പടിഞ്ഞാറ് വശത്തായി 11.50 ഏക്കര്‍ ഭൂമി മോന്‍സിയും സഹോദരങ്ങളും ചേര്‍ന്ന് വാങ്ങിയിരുന്നു. ഇതില്‍ ഒന്നര ഏക്കര്‍ മോന്സിക്കുള്ളതാണ്. ഇതില്‍നിന്ന് 30 സെന്റാണ് പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് രാജ്കുമാറിന്റെ നേതൃത്വത്തില്‍ അനധികൃതമായി കൈവശപ്പെടുത്തിയത്. ഇതിനെതിരേ മോന്‍സി ആദ്യം 1999 ല്‍ അടൂര്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു. 2003 ല്‍ മോന്‍സിക്ക് അനുകൂലമായി കോടതിവിധി പ്രഖ്യാപിച്ചു.
2004 ല്‍ വിധി നടത്തുകയും ചെയ്തു. എന്നാല്‍, കളക്ടറേറ്റില്നിന്നുളള ഒരു ഉത്തരവിന്റെ പേരുപറഞ്ഞ് ഭൂമി വിട്ടുകൊടുക്കാന്‍ പോലീസ് തയാറായില്ല. ഇതിനെതിരേ വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി. ഒരു നടപടിയുമുണ്ടാകാതെ വന്നപ്പോള്‍ 2013 ല്‍ വീണ്ടും മോന്‍സി മുന്‍സിഫ് കോടതിയെ സമീപിച്ചു.
2022 ല്‍ മോന്‍സിക്ക് അനുകൂലവിധി ലഭിച്ചു. രണ്ടു വര്‍ഷം അനങ്ങാതിരുന്ന പോലീസ് ഇപ്പോള്‍ അപ്പീലുമായി ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തേ കൊടുത്ത രണ്ടു കേസുകളിലും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ലെന്ന് മോൻസി പറഞ്ഞു.
ഭൂമി പോലീസിന്റേതാണെന്നുളളതിന് യാതൊരു തെളിവും ഇല്ലെന്നാണ് റവന്യു ഉദ്യോഗസ്ഥർ കോടതിയില്‍ പറഞ്ഞത്. മോന്‍സി വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോഴും പോലീസിന്റെ അവകാശവാദം തെളിയിക്കുന്ന ഒരു രേഖയും ലഭിച്ചിരുന്നില്ല.
ആദ്യം ഭൂമി കൈയേറുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന് അരലക്ഷം രൂപ കൈക്കൂലി ചോദിച്ചിരുന്നുവെന്ന് മോന്‍സി പറഞ്ഞു. അതു കൊടുക്കാതിരുന്നതുകൊണ്ടാണ് തനിക്ക് ഈ ദുരിതമെല്ലാം അനുഭവിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.