ഇക്കൊല്ലമെങ്കിലും കോന്നി മെഡിക്കൽ കോളജ്...
1491485
Wednesday, January 1, 2025 4:19 AM IST
കോന്നി: പ്രവർത്തനം തുടങ്ങി മൂന്നുവർഷം പിന്നിടുന്പോഴും അടിയന്തരഘട്ടങ്ങളിൽപോലും പ്രയോജനമില്ലാതെ പോകുന്ന കോന്നി സർക്കാർ മെഡിക്കൽ കോളജ് 2025ലെങ്കിലും ആരോഗ്യം മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം.
മൂന്നു ബാച്ച് കുട്ടികൾ മെഡിക്കൽ കോളജിലുണ്ട്. പക്ഷേ അടിയന്തര ചികിത്സാ സൗകര്യങ്ങളും കിടത്തി ചികിത്സയും നാമമാത്രം. കോടിക്കണക്കിനു രൂപ ചെലവഴിച്ച് കെട്ടിടങ്ങൾ പൂർത്തിയാക്കി. സംവിധാനങ്ങളുമെത്തിച്ചു. ഡോക്ടർമാരെയും നിയമിച്ചുവെങ്കിലും മെഡിക്കൽ കോളജ് പ്രവർത്തനം പൂർണതോതിൽ ആകുന്നില്ല. ശബരിമലയുടെ ബേസ് ആശുപത്രിയായി മെഡിക്കൽ കോളജിനെ പ്രഖ്യാപിച്ചതും പാഴ്വാക്കായി.
അപകടങ്ങളുണ്ടാകുന്പോൾ അടിയന്തര ചികിത്സയും ട്രോമാ കെയർ സംവിധാനവും മെഡിക്കൽ കോളജിൽ ഒരുക്കണം. ഇതിനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും പ്രാവർത്തികമാക്കുന്നതിലെ കാലതാമസമാണ് പ്രധാന പ്രശ്നം. മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ച ആദ്യബാച്ച് കുട്ടികൾ ഇപ്പോഴും ക്ലിനിക്കൽ പഠനത്തിന് പത്തനംതിട്ട ജനറൽ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ജനറൽ ആശുപത്രിയിലാകട്ടെ പുതിയ കെട്ടിടനിർമാണം നടക്കുന്നതിനാൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്.
കിഫ്ബിയിൽനിന്ന് 352 കോടി രൂപ ചെവഴിച്ച് അതിവേഗ നിർമാണമാണ് മെഡിക്കൽ കോളജിൽ നടക്കുന്നതെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ഇക്കൊല്ലം മെഡിക്കൽ കോളജ് പൂർണസജ്ജമാകും.
ഓപ്പറേഷൻ തിയറ്റർ, പീഡിയാട്രിക് ഐസിയു, സി റ്റി സ്കാൻ, ബ്ലഡ് ബാങ്ക്, ബോയ്സ് ഹോസ്റ്റൽ, മെൻസ് ഹോസ്റ്റൽ, മോർച്ചറി തുടങ്ങിയവയുടെ പ്രവൃത്തികൾ കഴിഞ്ഞവർഷം പൂർത്തീകരിച്ചതായി എംഎൽഎ പറഞ്ഞു.
മൂന്ന് ഓപ്പറേഷൻ തിയറ്റർ, ലേബർ റൂം, ലേബർ ഓപ്പറേഷൻ തിയറ്റർ, ലേബർ വാർഡ് എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. മെഡിക്കൽ കോളജ് റോഡ് നിർമാണവും ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
മെഡിക്കൽ കോളജ് റോഡും ഐരവൺ, ചിറ്റൂർ കടവ് പാലങ്ങളും, കോന്നി -കല്ലേലി- അച്ചൻകോവിൽ റോഡും 2025 ൽ യാഥാർഥ്യമാകുമെന്നും ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
അപകടങ്ങൾക്കെതിരേ കാന്പെയ്നുകൾ
അപകടങ്ങൾ ഒഴിവാക്കുന്നതിനായി കാന്പെയ്നുകൾ സജീവമാകണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നടപടികളും ഊർജിതമാകണം. റോഡുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളും നടപടികളും പാലിച്ചുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ളക്ടറുകൾ, ലൈറ്റുകൾ ഇവ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വേഗനിയന്ത്രണ സംവിധാനങ്ങളും കാര്യക്ഷമമാകണം. അശാസ്ത്രീയമായ നിർമാണങ്ങൾ ഒഴിവാക്കണം.
കൊടുംവളവുകളിലടക്കം നിലവിലെ നിർമാണങ്ങളിലെ പോരായ്മകൾ പരിശോധിച്ചു നടപടി ഉണ്ടാകണം. ശബരിമല തീർഥാടകരുടേതടക്കം രാത്രി യാത്രക്കാരുമായുള്ള ഡ്രൈവർമാർക്ക് ആവശ്യമെങ്കിൽ വിശ്രമത്തിനു സൗകര്യമുണ്ടാകണം.