പട്ടാപ്പകൽ വയോധികയുടെ മാല അപഹരിച്ചയാൾ പിടിയിൽ
1491488
Wednesday, January 1, 2025 4:19 AM IST
പത്തനംതിട്ട: കുടിക്കാൻ വെള്ളം ചോദിച്ചെത്തി, വയോധികയുടെ മാലപറിച്ച് ഓടിയ മോഷ്ടാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപം കാഞ്ഞിരക്കാട്ട് ജോണിയുടെ ഭാര്യ ഏലിയാമ്മ ( 77)യുടെ കഴുത്തിലെ ഒരു പവന്റെ സ്വർണമാലയാണ് ഇയാൾ അപഹരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.
ഊന്നുകൽ മുള്ളൻകുഴിക്കൽ സോമനാണ് (52) പിടിയിലായത്. കുടിക്കാൻ ചൂടുവെള്ളം ചോദിച്ചു വീട്ടിലെത്തിയതായിരുന്നു ഇയാൾ. ഏലിയാമ്മ വെള്ളം ചൂടാക്കാൻ അടുപ്പത്ത് വച്ചപ്പോൾ പിന്നാലെ അടുക്കളയിലെത്തി മാല പറിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയിൽ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കൈയിൽ ലഭിച്ചു.
ബഹളംവച്ചപ്പോൾ ഇവരെ തള്ളി താഴെയിട്ടിട്ട് മാലയുടെ ബാക്കിയുമായി ഇയാൾ വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഏലിയാമ്മയുടെ കഴുത്തിനും പരിക്കേറ്റു. വയോധിക ബഹളമുണ്ടാക്കിയപ്പോൾ അതുവഴിപോയ യാത്രക്കാർ ഇയാളെ തടഞ്ഞുവച്ചു.
പത്തനംതിട്ട പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം സോമനെ കസ്റ്റഡിയിലെടുത്തു. സോമനും ഇയാളുടെ അനുജനും ഏലിയാമ്മയുടെ വീട്ടിൽ മുൻപ് ജോലി ചെയ്ത പരിചയം വീടുമായുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
പോലീസ് ഇൻസ്പെക്ടർ ഷിബുകുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ ജെ.യു. ജിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.