വയനാട് ദുരന്തം: കേരളത്തെ അവഗണിച്ചതിനു പിന്നിൽ രാഷ്ട്രീയ താത്പര്യമെന്ന് മുഖ്യമന്ത്രി
1491351
Tuesday, December 31, 2024 7:03 AM IST
പത്തനംതിട്ട: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സഹായം നൽകാതെ അവഗണിച്ചത് മനഃപൂർവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിനു സമാപനം കുറിച്ച് കോന്നിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ നാശനഷ്ടങ്ങളുടെ ശരിയായ കണക്ക് കൃത്യസമയത്ത് നൽകിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് പച്ചനുണയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കൃത്യസമയത്ത് റിപ്പോർട്ട് നൽകിയതാണ്. കേന്ദ്രം ചില്ലിക്കാശ് തന്നില്ല.
നിരവധി രാജ്യങ്ങൾ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. ഇതു സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല. ഗുജറാത്ത് ദുരന്തസമയത്ത് വിദേശ സഹായം നരേന്ദ്രമോദി സഹായം കൈപ്പറ്റിയിരുന്നു. കേരളം രക്ഷപ്പെടരുതെന്ന് ഉള്ളതുകൊണ്ടാണ് സഹായം വാങ്ങാതിരുന്നത്.
സമാനമായ ദുരന്തം നേരിട്ട മറ്റു സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ തൊട്ടടുത്ത ദിവസം സഹായം നൽകിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
ബിജെപിക്കു രാഷ്ട്രീയ നേട്ടം ഇല്ലായെന്ന പേരിലാണ് കേരളത്തോടുള്ള അവഗണന. എല്ലാ എംപിമാരും ഒരുമിച്ച് ആവശ്യമുയർത്തിയപ്പോൾ ശുദ്ധ നുണ പറഞ്ഞു. നാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന ബിജെപിയെ കേരളം ഒരിക്കലും അംഗീകരിക്കില്ല. 2018 പ്രളയത്തിൽ തകർന്ന കേരളത്തിന് ഒരു പൈസയും കിട്ടിയില്ല. അതിജീവനത്തിന് കേരളം ഒന്നിച്ചിറങ്ങിയപ്പോൾ ലോകം അത്ഭുതപ്പെട്ടു.
2025 നവംബർ ഒന്നിന് പരമ ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുകയാണ്. സാമൂഹിക ക്ഷേമപെൻഷൻ തടസമില്ലാതെ നടപ്പാക്കുന്നു. അതിന് കേന്ദ്രസർക്കാർ തടയിടാൻ ശ്രമിക്കുന്നു.
ക്ഷേമപെൻഷൻ ഉയർത്തണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയ്ക്കു രൂപം നൽകിയ ഡോ. അംബേദ്കറെ കേന്ദ്രമന്ത്രി അമിത്ഷാ പാർലമെന്റിൽ അതിക്രൂരമായാണ് അധിക്ഷേപിച്ചത്. ആർഎസ്എസ് പുലർത്തിവരുന്ന രാഷ്ട്രീയ നിലപാടാണ് കേന്ദ്രമന്ത്രി പരസ്യമാക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ്, കെ.പി. ഉദയഭാനു, സ്വാഗതസംഘം ഭാരവാഹികളായ ശ്യാംലാൽ, പി.ജെ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.