ജില്ലയിലെ നേതാക്കൾക്കെതിരേയുള്ള പരാതികളിൽ അന്വേഷണം ഉണ്ടാകുമെന്ന് സെക്രട്ടറി
1491348
Tuesday, December 31, 2024 7:02 AM IST
പത്തനംതിട്ട: ജില്ലയിലെ സിപിഎം നേതാക്കൾക്കെതിരേ ലഭിച്ചിട്ടുള്ള പരാതികളിൽ അന്വേഷണം ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാന കമ്മിറ്റിക്കു ലഭിച്ച പല പരാതികളും തിരികെ ജില്ലാ കമ്മിറ്റിയിലേക്ക് അയച്ചുവെങ്കിലും ഇക്കാര്യത്തിൽ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾആരോപിച്ചിരുന്നു.
ഇക്കാര്യത്തിൽ അന്വേഷണത്തിനായി സംസ്ഥാന സമിതിതന്നെ നേരിട്ട് ആളുകളെ നിയോഗിക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ആരോപണ വിധേയരായ പലരുടെയും പേരുകൾ നേതൃതലത്തിലേക്കും ജില്ലാ കമ്മിറ്റിയിലേക്കും ഉയർന്നപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ ഇടപെട്ട് അതിനു തടയിട്ടു.
അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎമ്മെന്ന് ആവര്‍ത്തിച്ച സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ കണ്ണൂര്‍, പത്തനംതിട്ട ഘടകങ്ങള്‍ തമ്മില്‍ ഒരു ഭിന്നതയുമില്ലെന്നു പറഞ്ഞു.
പത്തനംതിട്ടയിലെ ചില നേതാക്കള്‍ നിരന്തരം നടത്തുന്ന ചില പ്രസ്താവനകള്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. സിഐടിയു നേതാവ് മലയാലപ്പുഴ മോഹനനെ ഉദ്ദേശിച്ചാണ് സംസ്ഥാന സെക്രട്ടറി മറുപടി നല്‍കിയത്. ഇദ്ദേഹം സിപിഐക്കാരനാണെന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ പാര്‍ട്ടി മേല്‍വിലാസം ഉപയോഗിച്ച് ശുദ്ധ അസംബന്ധം പറയുകയാണെന്ന് പിന്നീട് മനസിലായി. പ്രസ്താവനകള്‍ നടത്താന്‍ മോഹനനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നില്ല. ആരും സൂപ്പര്‍ പദവിയിലേക്കെത്താന്‍ ശ്രമിക്കേണ്ടതില്ലെന്നും ഗോവിന്ദന് പറഞ്ഞു.