പൊന്തൻപുഴ റോഡരികിൽ മാലിന്യംതള്ളൽ വ്യാപകം
1491806
Thursday, January 2, 2025 4:14 AM IST
റാന്നി: പ്ലാസ്റ്റിക്കും മത്സ്യ, മാംസാവശിഷ്ടങ്ങളും അടക്കമുള്ള മാലിന്യങ്ങള്‍ പൊതുവഴിയില്‍ തള്ളുന്നതുമൂലം പൊതുജനം ബുദ്ധിമുട്ടിൽ. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്തൻപുഴ സംരക്ഷിത വനംമേഖലയിലാണ് രാത്രിയും പകലും ഒരേപോലെ മാലിന്യം നിക്ഷേപിക്കുന്നത്.
ജില്ലാ അതിര്‍ത്തി കഴിയുമ്പോഴേക്കും മൂക്ക് പൊത്തിപ്പിടിച്ചു മാത്രമേ യാത്ര തുടരാനാകൂവെന്നതാണ് സ്ഥിതി. വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യവും കക്കൂസ് മാലിന്യവും സാമൂഹ്യവിരുദ്ധർ റോഡരികിലേക്ക് തള്ളുകയാണ്. മണിമല പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ് മാലിന്യം തള്ളല്‍ കൂടുതലായുള്ളത്.
വിളിപ്പാടകലെ പ്ലാച്ചേരി വനം സ്റ്റേഷന് ഉണ്ടായിട്ടും മാലിന്യം തള്ളാന്‍ സമൂഹ്യവിരുദ്ധര്ക്കു കഴിയുന്നുണ്ട്. മുമ്പ് ഇവിടെ കക്കൂസ് മാലിന്യം തള്ളിയതു മൂലം പ്രദേശത്തെ ജനങ്ങള്‍ ആശ്രയിച്ചിരുന്ന കുടിവെള്ള പദ്ധതിപോലും ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
പ്ലാസ്റ്റിക് വലിച്ചെറിയൽ നടത്തുന്നതിനെതിരേ കാന്പെയിനും പരിസ്ഥിതി ദിനത്തിൽ ചെടി വെച്ച് പരിസ്ഥിതിയെ സംരക്ഷിക്കുമെന്നു പ്രതിജ്ഞയുമെടുക്കുന്നവർ റോഡരികിലെ മാലിന്യം തള്ളലിനെ സംബന്ധിച്ചു നിശബ്ദരാണ്.