അമൃത് മിത്ര പദ്ധതിക്കു തുടക്കമായി
1491802
Thursday, January 2, 2025 4:14 AM IST
പത്തനംതിട്ട: നഗരത്തിൽ അമൃത് മിത്ര പദ്ധതിക്കു തുടക്കമായി. പൂന്തോട്ട പരിപാലനം, ജല അഥോറിറ്റി മീറ്റർ റീഡിംഗ്, ജല ഉപഭോക്തൃ ചാർജുകളും വസ്തു നികുതിയും ശേഖരിക്കൽ, പൈപ്പ് ലൈനുകളിലെ ചോർച്ച കണ്ടെത്തൽ, ജലസംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. ഇതിന്റെ ആദ്യഘട്ടത്തിനാണ് നഗരത്തിൽ തുടക്കമായിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പൂച്ചെടികളുടെയും തണൽമരങ്ങളുടെയും പരിപാലനത്തിനുള്ള ആദ്യ സംഘം പ്രവർത്തനം ആരംഭിച്ചു. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന നിരത്തുകളായ ജനറൽ ആശുപത്രി - മിനി സിവിൽ സ്റ്റേഷൻ റോഡ്, കുമ്പഴ എന്നിവിടങ്ങളിൽ റോഡുവക്കിൽ സ്ഥാപിച്ചിരുന്ന ചട്ടികളിൽ പൂച്ചെടികളുടെ പരിപാലനം ഉറപ്പാക്കിയിട്ടുണ്ട്.
നിർമാണം പൂർത്തിയാകുന്ന ടൗൺ സ്ക്വയർ, നവീകരിച്ച നഗരസഭാ ബസ്സ്റ്റാൻഡ് എന്നിവയോടു ചേർന്ന് വച്ചുപിടിപ്പിക്കുന്ന പൂച്ചെടികളുടെയും തണൽമരങ്ങളുടെയും പരിപാലനവും പദ്ധതിയുടെ ഭാഗമാകും.
നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കൗൺസിലർ വിമല ശിവൻ, മുനിസിപ്പൽ എൻജിനിയർ സുധീർ രാജ്, കുടുംബശ്രീ മെംബർ സെക്രട്ടറി മിനി എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കുടുംബശ്രീ അംഗങ്ങളായ വനിതകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് ഒരാഴ്ചത്തെ പരിശീലനം നൽകിയിരുന്നു. ആറു പേരെ മൂന്ന് സംഘമായി തിരിച്ചാണ് നിയോഗിച്ചിട്ടുള്ളത്. പദ്ധതി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ നിർധനരായ നിരവധി കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കാനും സാധിക്കും.