വിജ്ഞാന പത്തനംതിട്ട : അവസാന വർഷ വിദ്യാർഥികൾക്കായി നൈപുണ്യ പരിശീലനം
1491487
Wednesday, January 1, 2025 4:19 AM IST
പത്തനംതിട്ട: വിജ്ഞാന പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോളജുകളുമായി സഹകരിച്ച് അവസാനവർഷ വിദ്യാർഥികൾക്ക് ജോലിക്ക് ആവശ്യമുള്ള നൈപുണ്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ഇതു സംബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടന്ന ആലോചനാ യോഗത്തിൽ ജില്ലയിലെ 17 കോളജുകളിൽനിന്ന് മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരടക്കം 86 പേർ പങ്കെടുത്തു.
പദ്ധതിയുടെ ഉദ്ഘാടനം മന്ത്രിമാരായ ഡോ. ആർ. ബിന്ദുവും വീണാ ജോർജും ചേർന്ന് നിർവഹിക്കുമെന്നു വിജ്ഞാനകേരളം പദ്ധതി അഡ്വൈസർ ഡോ. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.
പരിപാടിയിൽ ചേരുന്ന ഓരോ വിദ്യാർഥിക്കും അവരുടെ വിഷയവുമായി ബന്ധപ്പെട്ട് തൊഴിൽ സാധ്യത കൃത്യമായി നിർണയിച്ചിട്ടുള്ള കോഴ്സുകളുടെ ഒരു പാക്കേജ് ലഭ്യമാക്കും. ഇതിൽനിന്ന് അവർക്ക് താത്പര്യമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം. ഇതിനു പുറമേ സ്പോക്കൺ ഇംഗ്ലീഷ് പോലുള്ള കോഴ്സുകളും ഉണ്ടാകും. കോഴ്സുകൾ പ്രധാനമായും ഓൺലൈനായിരിക്കും. ഓരോ കുട്ടിക്കും ഒരു മെന്റർ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.
ഓൺലൈനായോ ഓഫ് ലൈനായോ ഏപ്രിൽ, മേയ് മാസങ്ങളിലായിട്ടാണ് ഇതു നടത്താൻ ഉദ്ദേശിക്കുന്നത്. അടുത്തവർഷം അവസാന വർഷം പഠിക്കുന്ന കോളജ്, പോളിടെക്നിക്, ഐടിഐ വിദ്യാർഥികളായ അഞ്ചുലക്ഷം പേരെ ജോലിയിലേക്ക് നയിക്കുന്ന നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന് സംസ്ഥാന തലത്തിൽ ജനകീയ കാന്പെയിനും വിജ്ഞാന കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടക്കും.
അതിന് മുന്നോടിയായി ഈ വർഷം ആരംഭിക്കുന്ന പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായായിരിക്കും പത്തനംതിട്ടയിലെ പരിപാടി. കെ.യു. ജനീഷ്കുമാർ എംഎൽഎ, എ. പത്മകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.