സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയിൽ രാജു ഏബ്രഹാം
1491349
Tuesday, December 31, 2024 7:02 AM IST
പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.പി. ഉദയഭാനു ഒഴിയുന്ന സാഹചര്യത്തിൽ പല നാമനിർദേശങ്ങളും മുന്നോട്ടുവന്നെങ്കിലും രാജു ഏബ്രഹാമിന്റെ പേരിനാണ് സംസ്ഥാന നേതൃത്വം പിന്തുണ നൽകിയത്.
ഉദയഭാനുവിന്റെ പിൻഗാമി അടൂരിൽനിന്നു തന്നെയാകണമെന്ന രീതിയിൽ ചില കരുനീക്കങ്ങൾ നേരത്തെതന്നെയുണ്ടായി. പി.ബി. ഹർഷകുമാർ അടുത്ത സെക്രട്ടറിയാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ ശക്തമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലയളവിൽ രണ്ട് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ തമ്മിൽ പാർട്ടി ഓഫീസിൽ ഏറ്റുമുട്ടിയ സംഭവം പുറത്തായതോടെയാണ് ഹർഷകുമാറിന്റെ ഭാവി ഇരുളടഞ്ഞത്. സമ്മേളന കാലയളവിൽ ടി.ഡി. ബൈജുവിന്റെ പേര് അടൂരിൽനിന്ന് ഉയർന്നുവന്നെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. തിരുവല്ലയിൽനിന്ന് ആർ. സനൽകുമാറും നേരത്തെ തന്നെ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടെങ്കിലും നീക്കങ്ങൾ അനുകൂലമായില്ല.
വിദ്യാർഥി രാഷട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ രാജു ഏബ്രഹാം (61) റാന്നി കണ്ടനാട്ട് കുടുംബാംഗമാണ്. സിപിഎം ലോക്കൽ സെക്രട്ടറിയായിരിക്കേ 1996ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. 2001, 2006, 2011, 2016 വർഷങ്ങളിലും റാന്നിയെ അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചു. ഇക്കാലയളവിലാണ് സിപിഎം ജില്ലാ കമ്മിറ്റിയിലെത്തിയത്.
കഴിഞ്ഞ സമ്മേളന കാലയളവിനുശേഷം സംസ്ഥാന സമിതിയംഗവുമായി. എംഎൽഎ ആയിരിക്കേ രാജു ഏബ്രഹാം പുലർത്തിവന്ന ജനകീയ മുഖം ഇനി ജില്ലയിൽ സിപിഎം പ്രവർത്തനങ്ങൾക്കു കരുത്താകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.