സിപിഎം ജില്ലാ കമ്മിറ്റിയിൽ ആറ് പുതുമുഖങ്ങൾ
1491350
Tuesday, December 31, 2024 7:03 AM IST
പത്തനംതിട്ട: സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റിയിൽ ആറ് പുതുമുഖങ്ങൾ. നിലവിലെ കമ്മിറ്റിയിലെ ആറു പേരെ ഒഴിവാക്കിയാണ് പുതുതായി ആറു പേരെ 34 അംഗ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
കെ.പി. ഉദയഭാനു, പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെ.സി. രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, നിർമലാദേവി, ബാബു കോയിക്കലേത്ത് എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവായത്. പ്രായപരിധിയുടെ പേരിലാണ് പീലിപ്പോസ് തോമസ്, കെ.സി. രാജഗോപാൽ, കെ.കെ. ശ്രീധരൻ, നിർമലാദേവി എന്നിവർ ഒഴിവാക്കപ്പെട്ടത്.
കഴിഞ്ഞ തവണ ജില്ലാ കമ്മിറ്റിയിൽ അംഗമായ ബാബു കോയിക്കലേത്തിനെ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ഒഴിവാക്കിയെന്നാണ് സൂചന. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കെ.പി. ഉദയഭാനു സംസ്ഥാന സമിതിയിൽ ഇടംനേടും. മുൻ ഡിസിസി പ്രസിഡന്റായിരുന്ന പീലിപ്പോസ് തോമസ് 2009ലാണ് സിപിഎമ്മിലെത്തിയത്. പിന്നീട് അദ്ദേഹം ജില്ലാ കമ്മിറ്റിയംഗമായി.
ഇത്തവണ ഇരവിപേരൂർ ഏരിയാ കമ്മിറ്റിയിലും ഇദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു. കെ.കെ. ശ്രീധരൻ സമീപകാലത്ത് സ്വീകരിച്ച ചില നിലപാടുകളോടും നേതൃത്വത്തിന് അമർഷമുണ്ടായിരുന്നു. കെ.സി. രാജഗോപാൽ നിലവിൽ ജില്ലയിലെ തലമുതിർന്ന നേതാവാണ്. സിഐടിയുവിന്റെ അമരക്കാരൻകൂടിയാണ് അദ്ദേഹം. വനിതാ നേതാവ് എസ്. നിർമലാദേവിയും ഇക്കുറി ഒഴിവാക്കപ്പെട്ടു.
തിരുവല്ല ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി. ആന്റണി അടക്കം ആറുപേരാണ് ജില്ലാ കമ്മിറ്റിയിൽ പുതുതായി എത്തിയത്. കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാൻലിൻ, പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി സി.എം. രാജേഷ്, ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി.കെ. സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാം എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.
ജില്ലാ കമ്മിറ്റിയംഗങ്ങൾ
രാജു ഏബ്രഹാം, എ. പത്മകുമാർ, പി. ജെ. അജയകുമാർ, ടി.ഡി. ബൈജു, ആർ. സനൽകുമാർ, പി.ബി. ഹർഷകുമാർ, ഓമല്ലൂർ ശങ്കരൻ, പി.ആർ. പ്രസാദ്, എൻ. സജികുമാർ, സക്കീർ ഹുസൈൻ, എം.വി. സഞ്ചു, കോമളം അനിരുദ്ധൻ, പി.എസ്. മോഹനൻ, എസ്. ഹരിദാസ്, കെ.യു. ജനീഷ്കുമാർ, കെ. മോഹൻകുമാർ, ആർ. തുളസീധരൻ പിള്ള, കെ. കുമാരൻ, എ.എൻ. സലീ, സി. രാധാകൃഷ്ണൻ, ആർ. അജയകുമാർ, ശ്യാം ലാൽ, ബിനു വർഗീസ്, വീണാ ജോർജ്, എസ്. മനോജ്, പി.ബി. സതീഷ് കുമാർ, ലസിതാ നായർ, റോഷൻ റോയി മാത്യു, ബിന്ദു ചന്ദമോഹൻ, സി.എൻ. രാജേഷ്, ബി. നിസാം, ഫ്രാൻസിസ് വി. ആന്റണി, ടി.വി. സ്റ്റാലിൻ, പി.സി. സുരേഷ് കുമാർ എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ.