വിദ്യാഭ്യാസ മേഖലയെ ഇടതുസര്‍ക്കാര്‍ സ്തംഭനാവസ്ഥയിലാക്കി: എന്‍ടിയു
1490927
Monday, December 30, 2024 4:30 AM IST
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. എന്‍ടിയു പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി സംവരണം സംബന്ധിച്ച കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ സ്ഥിരാധ്യാപക നിയമനങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. അന്ധമായ കേന്ദ്ര വിരോധംമൂലം കേന്ദ്രസര്‍ക്കാരിനോടും കേന്ദ്ര പദ്ധതികളോടും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്ക്കുന്നതുമൂലം സംസ്ഥാനത്ത് സമഗ്ര ശിക്ഷാ അഭിയാന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് അനിത ജി. നായര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്.എന്‍. ഹരികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി. സനല്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.എന്‍. രാജീവ് നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ബി. നായരുടെ അധ്യക്ഷതയില്‍ നടന്ന സൗഹൃദസമ്മേളനം ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് പി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്. ഗിരീഷ് കുമാര്‍, ഹരീന്ദ്രനാഥ്, വിഭു നാരായണന്, ഡോ. രമേശ് എന്നിവര്‍ പ്രസംഗിച്ചു.