കുന്നന്താനം പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറി ഉദ്ഘാടനത്തിനൊരുങ്ങുന്നു
1490926
Monday, December 30, 2024 4:30 AM IST
കുന്നന്താനം: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ലീന്‍ കേരള കമ്പനി കുന്നന്താനം കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറി പ്രവര്‍ത്തനസജ്ജമായി. ഫാക്ടറിയുടെ ഉദ്ഘാടനം ജനുവരി പത്തിന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
ഫാക്ടറിയുടെ ട്രയല്‍ റണ്‍ വിജയമായി. കെഎസ്ഇബി ഹൈടെന്‍ഷന്‍ വൈദ്യുത കണക്ഷന് നല്‍കിയതോടെയാണ് ട്രയല്‍ റണ്‍ നടത്തിയത്. സംസ്ഥാനത്ത് പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണത്തിനായി ക്ലീന്‍ കേരള കമ്പനി ആരംഭിക്കുന്ന ആദ്യ ഫാക്ടറിയാണിത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് സംസ്കരിക്കാന്‍ സംവിധാനമില്ലാതെ തദ്ദേശ സ്ഥാപനങ്ങളും ഹരിതകര്‍മസേനയും നിലവില്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
സംഭരിച്ചുവയ്ക്കുന്ന പ്ലാസ്റ്റിക് നീക്കാന്‍ പോലുമാകാത്ത സാഹചര്യം നിലവില്‍ പല തദ്ദേശ സ്ഥാപനങ്ങളിലുമുണ്ട്. റോഡരികിലെ എംസിഎഫുകള്‍ അടക്കം നിറഞ്ഞു കിടക്കുന്നതും പതിവു കാഴ്ചയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പുതിയ ഫാക്ടറി പ്രവര്‍ത്തനക്ഷമമാകുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രതിദിനം അഞ്ച് ടണ്‍ ശേഷി
തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതകര്‍മസേന ശേഖരിക്കുന്ന പുനഃചംക്രമണ യോഗ്യമായതും വൃത്തിയുള്ളതുമായ പ്ലാസ്റ്റിക് യന്ത്രസഹായത്താല്‍ പൊടിച്ച് ഗ്രാന്യൂള്‍സ് ആക്കുന്ന സംവിധാനമാണ് ഫാക്ടറിയില്‍ ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം അഞ്ച് ടണ്‍ പ്ലാസ്റ്റിക് ശേഖരിക്കാന്‍ കഴിയും. ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് എംസിഎഫുകളില്‍നിന്ന് ഇവിടേക്ക് മാറ്റാനാകും.
10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം, അനുബന്ധ സൗകര്യങ്ങള്‍, 25,000 ലിറ്റര്‍ മഴവെള്ള സംഭരണി, എസ്ടിപി, സോളാര്‍ പ്ലാന്റ് എന്നിങ്ങനെ പരമാവധി പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളാണ് പ്ലാന്റില്‍ ഒരുക്കിയിട്ടുള്ളത്. ഫാക്ടറി പ്രവര്‍ത്തനം വിലയിരുത്തി ഉത്പാദനം നടത്തുന്ന ഗ്രാന്യൂള്‍സ് ഇതര ഉത്പന്നങ്ങളാക്കുന്നത് ആലോചനയിലാണ്.
എട്ടു കോടി രൂപ ചെലവ്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയാണ് കിന്‍ഫ്രാ പാര്‍ക്കില്‍ പൂര്‍ത്തിയാകുന്നത്. എട്ടു കോടി രൂപ ഇതേവരെ ചെലവഴിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തില്‍ വിപുലമായ ഗോഡൗണ്‍ ഉടന്‍ പൂര്‍ത്തീകരിക്കും.
ഇതോടെ ഒരേസമയം പത്തിലധികം തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് സംഭരിച്ചുവയ്ക്കാന്‍ കഴിയുമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി. ദിലീപ് കുമാര്‍ പറഞ്ഞു.