ഗാന്ധിഗ്രാമം പദ്ധതി : പുതുവര്‍ഷദിനത്തില്‍ രമേശ് ചെന്നിത്തല മുണ്ടപ്പള്ളി പട്ടികജാതി കോളനിയില്‍
1490925
Monday, December 30, 2024 4:30 AM IST
തിരുവല്ല: ആദിവാസി പട്ടികജാതി നഗറുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുമായി രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഇത്തവണ പുതുവര്‍ഷദിനം തിരുവല്ല പെരിങ്ങര മുണ്ടപ്പള്ളി പട്ടികജാതി കോളനി നിവാസികളുമൊത്ത് ആഘോഷിക്കും.
ജനുവരി ഒന്നിന് രാവിലെ എട്ടിന് നഗറിലെത്തുന്ന അദ്ദേഹം കോളനി നിവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
തുടര്‍ന്ന് അവരോടൊപ്പം ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് നാടന്‍ പരമ്പരാഗത കലാപരിപാടികളും വീക്ഷിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളാകും. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്ന കാലത്താണ് പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ ചെയര്‍മാനും യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍ ജനറല്‍ കണ്‍വീനറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പന് കുര്യന് കണ്‍വീനറും വൈസ് പ്രസിഡന്റ് റോജി കാട്ടാശേരി ചീഫ് കോ-ഓര്‍ഡിനേറ്ററുമായ വിവിധ കമ്മിറ്റികള്‍ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.