കല്ലൂപ്പാറ വിത്തുവേലിചന്ത സ്വാഗതസംഘം രൂപീകരിച്ചു
1490924
Monday, December 30, 2024 4:30 AM IST
കല്ലൂപ്പാറ: കല്ലൂപ്പാറ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്സ് ആന്‍ഡ് പ്രമോട്ടേഴ്സ് അസോസിയേഷന്റെ (കപ്പ) ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ജനുവരി 25ന് കറുത്തവടശേരിക്കടവ് പാലത്തിനു സമീപം പച്ചത്തുരുത്തില്‍ സംഘടിപ്പിക്കുന്ന വിത്തുവേലിചന്തയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാര്‍ ചെയര്‍പേഴ്സണും സംഘം സെക്രട്ടറി ലെജു ഏബ്രഹാം ജനറല്‍ കണ്‍വീനറുമായാണ് 51 അംഗം സ്വാഗതസംഘമാണ് രൂപീകരിച്ചത്.
കിഴങ്ങുവിളകള്‍, വിവിധയിനം നാടന്‍, സങ്കരയിനം പച്ചക്കറികളുടെ വിത്തുകളും തൈകളും, അപൂര്‍വയിനം വൃക്ഷങ്ങളുടൈ തൈകള്‍, മായം കലരാത്ത നാടന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍, ജലാശയങ്ങളില്‍നിന്ന് പിടിച്ചെടുക്കുന്ന ജീവനുള്ള നാടന്‍ മത്സ്യങ്ങളുള്‍പ്പെടെയുള്ളവ ചന്തയില്‍ എത്തും.
കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ ഇവിടെയെത്തിച്ചു നേരിട്ട് വില്‍പ്പന നടത്താനുമാകും. കാര്‍ഷിക പ്രദര്‍ശനവും കേരളത്തിന്റെ തനത് ഇനങ്ങളില്‍പ്പെട്ട നാടന്‍ കന്നുകാലികളുടെ പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30 മുതലാണ് ചന്തയുടെ പ്രവര്‍ത്തനം.
സംഘം പ്രസിഡന്റ് സി.കെ. മത്തായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എബി മേക്കിരിങ്ങാട്ട്, അംഗം റെജി ചാക്കോ, കൃഷി ഓഫീസര്‍ എ. പ്രവീണ, സംഘം ഭാരവാഹികളായ ലെജു ഏബ്രഹാം, വിജോയ് പുത്തോട്ടില്‍, പി.ബി. സജി കുമാര്‍, റെജി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.