ഗേറ്റില്‍ കുടുങ്ങിയ കുഞ്ഞുമ്ലാവിനെ രക്ഷപ്പെടുത്തി
1490923
Monday, December 30, 2024 4:30 AM IST
വടശേരിക്കര: വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ മ്ലാവിനെ രക്ഷപ്പെടുത്തി കാട്ടിലെത്തിച്ചു. വടശേരിക്കര ബൗണ്ടറി പനയ്ക്കല്‍ പി.കെ. കൊച്ചുമ്മനാണ് ഇന്നലെ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മ്ലാവിനെ രക്ഷപ്പെടുത്തിയത്.
തള്ളയോടൊപ്പം കളിച്ചെത്തിയ കുഞ്ഞുമ്ലാവ് വാഴപ്പിള്ളേത്ത് വീടിന്റെ ഗേറ്റ് കമ്പികള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായത് ഇന്നലെ രാവിലെയാണ് പ്രദേശവാസികള്‍ കണ്ടത്.
കാട്ടുമൃഗങ്ങളില്‍നിന്നു നിരന്തരം ശല്യം നേരിടുന്നവരാണെങ്കിലും കുടുങ്ങിയ മ്ലാവിനെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയയ്ക്കാന്തന്നെ പ്രദേശവാസികള്‍ തീരുമാനിച്ചു. മുന്‍കൈയെടുത്തത് കൊച്ചുമ്മനാണ്.
ഏറെ ബുദ്ധിമുട്ടിയാണ് ഇതിനെ പുറത്തെടുത്ത്. അപ്പോഴേക്കും കുഞ്ഞുമ്ലാവ് ഏറെ അവശയായിരുന്നു. വെള്ളം നല്കിയപ്പോഴേക്കും കുഞ്ഞുമ്ലാവിന്റെ തള്ള കാണാദൂരത്തെത്തിയിരുന്നു.
ഇന്നലെ രാവിലെ മുതല്‍ തള്ളമ്ലാവ് കാടുകയറാതെ കാത്തുനില്ക്കുകയായിരുന്നു. കുഞ്ഞുമ്ലാവിനെയും കൊച്ചുമ്മനും സംഘവും തള്ളയുടെ പക്കലെത്തിച്ചു.