ജനശ്രീ സ്വയംസഹായ സംഘങ്ങള്‍ക്ക് പത്തുകോടി രൂപ വായ്പ നല്‍കും
1490922
Monday, December 30, 2024 4:30 AM IST
പത്തനംതിട്ട: ജനശ്രീ സുസ്ഥിര വികസന മിഷന്റെ നേതൃത്വത്തിലുള്ള ജനശ്രീ സ്വയം സഹായ സംഘങ്ങള്‍ക്ക് അടുത്ത ഒരു വര്‍ഷംകൊണ്ട് പത്തുകോടി രൂപ വായ്പ നല്‍കുന്നതിന് ജില്ലാ മിഷന് തീരുമാനിച്ചു. സംഘങ്ങളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു.
പൊതുമേഖലാ ബാങ്കുകളുടെ സഹകരണത്തോടെയാണ് വായ്പകള്‍ സംഘങ്ങള്‍ക്ക് നല്‍കുന്നത്. ജനശ്രീ സംഘാംഗങ്ങളില്‍ സ്വാശ്രയശീലം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗ്രാമീണ രംഗത്ത് സാമ്പത്തിക ഉന്നമനം ഈ പദ്ധതിലൂടെ ജനശ്രീ മിഷന് ലക്ഷ്യമിടുന്നു.
ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ജനശ്രീ സുസ്ഥിര വികസന മിഷന് 19-ാം ജന്മദിന സമ്മേളനത്തിനു മുന്നോടിയായി ജനശ്രീ ജില്ലാ കണ്വന്ഷന് 11നു രാവിലെ 10ന് പത്തനംതിട്ടയില്‍ നടത്തും. കണ്വന്ഷന് സംസ്ഥാന ചെയര്മാന് എം.എം. ഹസന് ഉദ്ഘാടനം ചെയ്യും.
ജനശ്രീ ജില്ലാ മിഷന് യോഗത്തില്‍ ചെയര്മാന് പഴകുളം ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ അബ്ദുള്‍ സലാം, ലീലാ രാജന്, സൂസന് മാത്യു, മോഹനന്‍പിള്ള, നസീര്‍ റസാഖ്, പ്രകാശ് പേരങ്ങാട്ട്, ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.