ശബരിമല മകരവിളക്ക് : ആരോഗ്യവകുപ്പ് ക്രമീകരണങ്ങള്‍ വിപുലപ്പെടുത്തി
1490921
Monday, December 30, 2024 4:30 AM IST
ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്. മകരവിളക്ക് മഹോത്സവ ദിനങ്ങളില്‍ അടിയന്തരഘട്ടങ്ങള്‍ നേരിടുന്നതിനുവേണ്ടി മെഡിക്കല്‍ ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും ഒരു റിസര്‍വ് ലിസ്റ്റ് തയാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ആംബുലന്‍സ് ഉള്‍പ്പെടെയുളള മെഡിക്കല്‍ ടീമിന്റെ സേവനം ഹില്‍ടോപ്പ്, ഹെയര്‍പിന്‍ വളവ്, ഹില്‍ഡൗണ്‍, ദേവസ്വം പെട്രോള്‍ പമ്പ്, ത്രിവേണി പാലം, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്, ചക്കുപാലം, ചാലക്കയം, അട്ടത്തോട് എന്നിവിടങ്ങളില്‍ ലഭ്യമാക്കും. മരുന്നുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയവ പമ്പയില്‍ ആവശ്യാനുസരണം ശേഖരിച്ചിട്ടുണ്ട്.
മണ്ഡല മഹോത്സവം അവസാനിച്ചപ്പോള്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴിലുള്ള പമ്പ, സന്നിധാനം, നിലയ്ക്കല്‍, നീലിമല, അപ്പാച്ചിമേട്, കോന്നി, പന്തളം, ചരല്‍മേട്, ചെങ്ങന്നൂര്‍, എരുമേലി തുടങ്ങിയ ഇടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിച്ച അയ്യപ്പഭക്തര്‍ 1,54,739 പേരാണ്.
സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം 56,272 പേര്‍ക്കും പമ്പ ആശുപത്രിയില്‍ 23,687 പേര്‍ക്കുമാണ് ഇതേവരെ ചികിത്സ നല്‍കിയിട്ടുള്ളതെന്ന് സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ വിനായകന് അറിയിച്ചു.