സംഘടനാ തലപ്പത്ത് മുഴുവന്‍ അടൂരുകാര്; സമ്മേളന ചര്‍ച്ച കൊഴുത്തു, ഇടയ്ക്കു ബഹളം
1490920
Monday, December 30, 2024 4:30 AM IST
പത്തനംതിട്ട: സിപിഎം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച കൊഴുക്കുന്നതിനിടെ ബഹളം. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃസ്ഥാനത്ത് അടൂരില്നിന്നുള്ളവരാണെന്ന വിമര്‍ശനം പ്രതിനിധികള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് ബഹളം ഉണ്ടായത്.
അടൂരില്‍നിന്നുള്ള പ്രതിനിധി രാജശേഖരക്കുറുപ്പാണ് വിമര്‍ശനം ആദ്യം ഉന്നയിച്ചത്. ഇരവിപേരൂര്‍ ഏരിയകളില്നിന്നുള്ളവരും ഇത് ഏറ്റുപിടിച്ചു. വേദിയിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി വിമര്‍ശനം ചിരിച്ചുകൊണ്ടാണ് കേട്ടിരുന്നത്.
പാര്‍ട്ടി ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, കെഎസ്കെടിയു ജില്ലാ സെക്രട്ടറി, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ബാലസംഘം രക്ഷാധികാരി, സിഐടിയു ജില്ലാ സെക്രട്ടറി ഈ സ്ഥാനങ്ങളെല്ലാം വഹിക്കുന്നത് അടൂരുകാരാണെന്നതായിരുന്നു വിമര്‍ശനം.
അടൂരുകാരുടെ ജില്ലാ സമ്മേളനം എന്നുകൂടി പറയണമെന്നും പ്രതിനിധികള്‍ പ്രതിഷേധമായി പറഞ്ഞതോടെയാണ് അടൂരിലെ തന്നെ മറ്റു ചില പ്രതിനിധികള്‍ ബഹളവുമായി എഴുന്നേറ്റത്. പ്രസീഡിയം ആവര്‍ത്തിച്ച് ഇടപെട്ടാണ് പ്രതിനിധികളെ ശാന്തമാക്കിയത്.