പുഞ്ചകൃഷിക്കായി മാവര പാടശേഖരം ഒരുങ്ങി
1490919
Monday, December 30, 2024 4:30 AM IST
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തിലെ 15 ഹെക്ടര്‍ നിലം പുഞ്ച കൃഷിക്കായി ഒരുങ്ങി. ഉമ, പൗര്‍ണമി ഇനങ്ങളില്‍പ്പെട്ട വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്.
ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിത്ത്, കുമ്മായം, കൂലിച്ചെലവ് സബ്സിഡി എന്നിവ കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് ലഭ്യമാക്കും.
ഉത്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോയ്ക്ക് നല്‍കുകയും കൂടാതെ തട്ട ബ്രാന്‍ഡ് മാവര റൈസ്, മാവര പുട്ടുപൊടി, ഇടിയപ്പം പൊടി, പായസം നുറുക്ക് എന്നീ മൂല്യവര്‍ധിത ഉത്പന്നങ്ങളായും മാവര കൃഷി കൂട്ടത്തിന്റെ നേതൃത്വത്തില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
വിത ഉത്സവത്തിന്റെ ഉദ്ഘാടനം പെരുമ്പുളിക്കല്‍ വാര്‍ഡ് മെംബര്‍ എ.കെ. സുരേഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
ചടങ്ങില്‍ പാടശേഖരസമിതി സെക്രട്ടറി എസ്. മോഹനന് പിള്ള, നെല്‍കര്‍ഷകര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പോള്‍ പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.