സിപിഎം ജില്ലാ സമ്മേളനം ഇന്നു സമാപിക്കും : തെരഞ്ഞെടുപ്പ്, ചുവപ്പുറാലി, പൊതുസമ്മേളനം ഇന്ന്
1490918
Monday, December 30, 2024 4:30 AM IST
പത്തനംതിട്ട: കോന്നിയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച ഇന്നലെ പൂര്‍ത്തീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും മറുപടി പറഞ്ഞു.
ഇന്നു രാവിലെ പുതിയ ജില്ലാ കമ്മിറ്റിയംഗങ്ങളുടെയും സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു മൂന്ന് ടേം പൂര്‍ത്തീകരിച്ച് സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ ഒരാളെ ജില്ലാ സെക്രട്ടറിയായി കണ്ടെത്തും. സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാമിന് മുന്‍തൂക്കമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റും രാജുവിന്റെ പേരിനെ പിന്തുണച്ചേക്കും.
ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഔദ്യോഗിക പാനല്‍ അംഗീകരിച്ചേക്കും. പുറത്തുനിന്ന് ആരെങ്കിലും മത്സരിക്കാന്‍ തയാറാകുമോയെന്നു വ്യക്തമല്ല. നിലവിലെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഏതാനുംപേര്‍ ഒഴിവാകും. ഇതു സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്.
കോന്നിയില്‍ ആദ്യമായി നടക്കുന്ന ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്നു വൈകുന്നേരം ചുവപ്പ് സേനാ മാര്‍ച്ചും ബഹുജനറാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. കാല്‍ലക്ഷം പേര് അണിനിരക്കുന്ന ബഹുജനറാലി എലിയറയ്ക്കല്‍ ജംഗ്ഷനില്‍നിന്നാരംഭിച്ച് കോടിയേരി ബാലകൃഷ്ണന് നഗറില്‍ (കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്) സമാപിക്കും. റാലിക്ക് മുന്നോടിയായി ചുവപ്പ് സേനാംഗങ്ങളുടെ മാര്‍ച്ചും ഉണ്ടാകും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
വന്യമൃഗശല്യത്തിനു പരിഹാരം വേണം
ജില്ലയിലെ ജനങ്ങള്‍ കാര്‍ഷിക മേഖലയില്‍ നേരിടുന്ന വന്യമൃഗശല്യം അടക്കമുള്ള പ്രശ്നങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടാനും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതടക്കമുള്ള നടപടികള്‍ക്ക് സിപിഎം ജില്ലാ സമ്മേളനം രൂപം നല്കി. നാട്ടില്‍ കാര്‍ഷികമേഖലയ്ക്കും ജനജീവിതത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ കേന്ദ്ര വനം-വന്യജീവി നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കാര്‍ഷികവിളകള്‍ വ്യാപകമായ നശിപ്പിക്കുന്നതുമൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
വനമേഖലയും ജനവാസകേന്ദ്രങ്ങളും വേര്‍തിരിച്ച് കിടങ്ങുകള്‍, റെയില്പ്പാള വേലികള്‍, സോളാര്‍ - വൈദ്യുത വേലികള്‍ എന്നിവ നിര്‍മിക്കുക, നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ കരുതല്‍ നടപടികള്‍ സംസ്ഥാനത്തിന്റെ വനാതിര്‍ത്തിയില്‍ ഉടനീളം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജനവാസ മേഖലയില്‍ സ്ഥിരമായി താമസമുറപ്പിച്ച് നശീകരണം നടത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ നടപടി സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശബരി റെയില്‍പാത പുനലൂരിലേക്ക് നീട്ടണം
ശബരി റെയില്‍പാത പത്തനംതിട്ട, പുനലൂര്‍ വഴി തിരുവനന്തപുരംവരെ നീട്ടണമെന്ന് സിപിഎം സമ്മേളനം ആവശ്യപ്പെട്ടു.ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതോടൊപ്പം നാടിന്റെ വികസനത്തിന് ഏറ്റവും സഹായകമായ ഒരു പദ്ധതിയാണിത്. എന്നാല്‍ ഈ പദ്ധതി പത്തനംതിട്ട, പുനലൂര്‍വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന് നിര്‍ദേശം ഉയര്‍ന്നു വന്നിട്ടുണ്ട്.
എറണാകുളം, കോട്ടയംവഴി നിവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായി പത്തനംതിട്ടയിലൂടെ കടന്നുപോകുന്ന ഒരു പാത സ്ഥാപിക്കുന്നത് മലയോര മേഖലയുടെ വികസനത്തിന് സഹായകരമാകുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
വിമര്‍ശനങ്ങളുടെ പെരുമഴ; ഇപിയെയും സുധാകരനെയും വെറുതെവിട്ടില്ല
ഇ.പി. ജയരാജന് എന്നും വിവാദങ്ങളുടെ തോഴനാണെന്നും ഇതു പാര്‍ട്ടിക്കു ദോഷകരമായി മാത്രമേ മാറിയിട്ടുള്ളൂവെന്നും സമ്മേളന പ്രതിനിധികള്‍. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഇപി കണ്ടതിനേക്കാള്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്ന് വിമര്‍ശനം ഉണ്ടായി.
ഇപ്പോഴും വിശദീകരണം ലഭിക്കാത്ത പല വിഷയങ്ങളും ഇപിയുമായി ബന്ധപ്പെട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇപി സ്വയം മാറിയതോ മാറ്റിയതോ എന്ന് അംഗങ്ങള്‍ ആരാഞ്ഞു. ആത്മകഥ വിവാദം മുതല്‍ ഇപി പാര്‍ട്ടിയെ വെട്ടിലാക്കിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടും സംസ്ഥാന നേത ത്വം സ്വീകരിച്ച നിലപാട് ഗുണകരമായില്ലെന്ന അഭിപ്രായവും ഉയര്‍ന്നു.
ജി. സുധാകരനെപ്പോലെയുള്ള നേതാക്കള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകളും നടപടികളും തുടരുന്നത് സാധാരണ പ്രവര്‍ത്തകരുടെയിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന അഭിപ്രായവും ഉണ്ടായി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന ചിന്ത മന്ത്രിമാര്‍ക്കു പോലുമില്ല. ഈ ഒരു ധാരണ പാര്‍ട്ടി നേതൃത്വത്തിനുമില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പല മേഖലയിലും നിരാശാജനകമാണ്.
മന്ത്രിമാര്‍ പലരും പരാജയമാണെന്നും ആക്ഷേപമുണ്ടായി. ആരോഗ്യമേഖല കുത്തഴിഞ്ഞു. ജനകീയ വിഷയങ്ങളില്‍ മന്ത്രിമാര്‍ ഇടപെടുന്നില്ലെന്നും പ്രതിനിധികള്‍ പരാതിപ്പെട്ടു.
സാധാരണക്കാരുടെ പെന്ഷന് മുടങ്ങിയതടക്കമുള്ള വിഷയങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു കാരണം. ഇപ്പോള്‍ നല്കുന്നതുപോലെയെങ്കിലും പെന്ഷന് നേരത്തെ നല്കിയിരുന്നെങ്കില് അതിന്റെ പ്രയോജനം തെരഞ്ഞെടുപ്പില്‍ ലഭിക്കുമായിരുന്നുവെന്ന് പ്രതിനിധികള്‍ പറഞ്ഞു.
ജില്ലാ പാര്‍ട്ടിയില്‍ ക്രിമിനല്‍ വത്കരണം
ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി ചര്‍ച്ചയില്‍ ജില്ലാ നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സംഘപരിവാര്‍ ബന്ധമുള്ളവരും സിപിമ്മില്‍ ചേരുന്ന പ്രവണത ജില്ലയില്‍ വര്‍ധിച്ചു വരികയാണെന്നും ഇവരെ സ്വീകരിക്കുന്നതിലൂടെ ആര്‍ക്കാണ് ഗുണമെന്നും പ്രതിനിധികള്‍ ചോദിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയും പത്തനംതിട്ടയില്‍ നിരവധി ക്രിമിനലുകളും യുവമോര്‍ച്ച പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നത് പാര്‍ട്ടിക്കുള്ളിൽ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് പല ആവശ്യങ്ങള്‍ക്കും ഈ ക്രിമിനലുകളെയാണ് ഉപയോഗിക്കുന്നതെന്ന ആരോപണമുണ്ടായി.
നവകേരള സദസ് പ്രഹസനമായതായും ഒരു പരാതി പോലും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും മല്ലപ്പള്ളിയില്‍ നിന്നുള്ള അംഗം പറഞ്ഞു. എഡിഎം നവീന്‍ ബാബുവിന്റെ വിഷയത്തില്‍ സിഐടിയു സംസ്ഥാന സമിതി അംഗം കൂടിയായ മലയാലപ്പുഴ മോഹനന് എതിരേയും വിമര്‍ശനം ഉയര്‍ന്നു.
പത്തനംതിട്ട, കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ക്ക് രണ്ടു നിലപാട് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ മോഹനന് ശ്രമിച്ചുവെന്നും നവീന്‍ ബാബു വിഷയത്തില്‍ ചിലര്‍ വക്താക്കളായി ചമഞ്ഞു എന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. കൊടുമണ്‍ ഏരിയാ കമ്മിറ്റിയില്‍നിന്നാണ് വിമര്‍ശനം ഉയര്‍ന്നത്. സമ്മളനത്തില്‍ പോലീസിനും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
പോലീസ് സ്റ്റേഷനില്‍ സിപിഎമ്മുകാരനാണെങ്കില്‍ ലോക്കപ്പ് ഉറപ്പാണ്. ബിജെപിക്കാരനാണെങ്കില്‍ തലോടലും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.