വൃശ്ചിക വാണിഭ നഗറിൽ കൂട്ടിവച്ച മാലിന്യങ്ങൾ നീക്കിയില്ല
1490724
Sunday, December 29, 2024 4:44 AM IST
കോഴഞ്ചേരി: വൃശ്ചികവാണിഭം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും തെള്ളിയൂര്‍ക്കാവ് ക്ഷേത്രവളപ്പിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങൾ നീക്കിയില്ല. ക്ഷേത്രത്തിനോടുചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഭൂമിയിലുള്ള മാലിന്യങ്ങള്‍ ബോര്‍ഡുതന്നെ നേരിട്ട് കൂലിക്ക് ആളുകളെ നിര്‍ത്തി ചാക്കുകളിലാക്കിമാറ്റിയെങ്കിലും അത് ഇപ്പോഴും ഇവിടെത്തന്നെ കൂനയായി കിടക്കുകയാണ്.
ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങള്‍, ഓഡിറ്റോറിയം, യജ്ഞശാല, ശുചിമുറി എന്നിവിടങ്ങളുടെ പരിസരങ്ങളിലാണ് മാലിന്യം ചാക്കിലാക്കി വച്ചിരിക്കുന്നത്. ഇത് തെരുവുനായ്ക്കളും പന്നികളും നശിപ്പിച്ച നിലയിലാണ്.
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേനാംഗങ്ങളാണ് മാലിന്യം നീക്കംചെയ്യേണ്ടതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ഇതിനാവശ്യമായ ചെലവ് ഗ്രാമപഞ്ചായത്തില്‍ കെട്ടിവയ്ക്കാതെ അജൈവമാലിന്യങ്ങള്‍ കൊണ്ടുപോകില്ലെന്ന നിലപാടാണ് ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നത്.
ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്ക് ഈ മാലിന്യക്കൂമ്പാരം തടസമാകുന്നുണ്ട്.