കഥകളിമേളയ്ക്ക് ജനുവരി ആറിനു തിരിതെളിയും
1490723
Sunday, December 29, 2024 4:44 AM IST
പത്തനംതിട്ട: ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അയിരൂര്‍ കഥകളി ഗ്രാമത്തില്‍ നടക്കുന്ന കഥകളി മേളയ്ക്കു ജനുവരി ആറിന് തിരിതെളിയും. വിദേശ പ്രതിനിധികളും വിദ്യാർഥികളുമടക്കം പതിനായിരത്തോളം കഥകളി ആസ്വാദകര്‍ മേളയില്‍ പങ്കെടുക്കുമെന്ന് കഥകളി ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആറിനു രാവിലെ 10.30ന് അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീവിദ്യാധിരാജാ നഗറില്‍ (പമ്പാ മണല്‍പ്പുറം) പ്രശസ്ത സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. കഥകളി ക്ലബ് പ്രസിഡന്റ് ടി. പ്രസാദ് കൈലാത്ത് അധ്യക്ഷത വഹിക്കും.
പ്രമോദ് നാരായൺ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടര്‍ പി.എസ്. പ്രിയദര്ശന്, ഡോ. ബി. ഉദയനന്, ദിലീപ് അയിരൂര്‍, സഖറിയ മാത്യു എന്നിവര്‍ പ്രസംഗിക്കും.
കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കഥകളി ക്ലബിന്റെ 24 -ാം മത് നാട്യഭാരതി അവാര്‍ഡ് കഥകളി നടന് സദനം ഭാസിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് വിദ്യാർഥികള്‍ക്കായി കഥകളി അരങ്ങിലെത്തും. പത്താം ക്ലാസ് മലയാള പാഠാവലിയിലെ കലി - ദ്വാപര (നളചരിതം) എന്ന പാഠഭാഗമാണ് അവതരിപ്പിക്കുന്നത്. വൈകുന്നേരം 6.30 മുതല്‍ കേരളത്തിലെ കഥകളി കലാകാരന്മാർ പങ്കെടുക്കുന്ന ലവണാസുരവധം കഥകളി അരങ്ങേറും.
ഏഴിനു രാവിലെ പത്തിനു നടക്കുന്ന കഥകളി പഠന കളരി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് അധ്യക്ഷത വഹിക്കും. 6.30ന് കഥകളി നളചരിതം നാലാം ദിവസം അരങ്ങിലെത്തും.
എട്ടിനു രാവിലെ 10.30 ന് നടക്കുന്ന കഥകളി പഠന കളരി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി ഡോ. ജോസ് പാറക്കടവില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും. 6.30 ന് കഥകളി രാവണ വിജയം അരങ്ങിലെത്തും.
ഒന്പതിനു രാവിലെ 10.30 ന് നടക്കുന്ന കഥകളി പഠന കളരി കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. കഥകളിമേള ജനറല്‍ കണ്‍വീനര്‍ ഡോ. ബി. ഉദയനന് അധ്യക്ഷത വഹിക്കും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്മാന് സക്കീര്‍ ഹുസൈന് മുഖ്യ പ്രഭാഷണം നടത്തും.
10 ന് രാവിലെ 10.30 ന് നടക്കുന്ന കഥകളി പഠന കളരി കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി വി.എന്‍. ഉണ്ണി അധ്യക്ഷത വഹിക്കും. വൈകുന്നേരം 6.30 ന് കാലകേയവധം കഥകളി.
11 ന് രാവിലെ 10 മുതല്‍ നടക്കുന്ന ക്ലാസിക്കല്‍ കലാമത്സരങ്ങള്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. ടി.ആര്. ഹരികൃഷ്ണന് അധ്യക്ഷത വഹിക്കും. 2024 ലെ അയിരൂര്‍ സദാശിവന് അവാര്‍ഡ് പ്രശസ്ത കഥകളി ഗായകന് കലാമണ്ഡലം വിഷ്ണുവിന് ക്ലബ് പ്രസിഡന്റ് ടി. പ്രസാദ് കൈലാത്ത് നല്കി ആദരിക്കും. 6.30 മുതല്‍ സുഭദ്രാഹരണം കഥകളി.
12 ന് രാവിലെ 10ന് നടക്കുന്ന കഥകളി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല ഉദ്ഘാടനം ചെയ്യും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി. പ്രസാദ് അധ്യക്ഷത വഹിക്കും.
5.30 മുതല്‍ കഥകളിമേളയുടെ സമാപന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് രക്ഷാധികാരി രാജു ഏബ്രഹാം എക്സ് എംഎല്‍എ അധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി. അനന്തകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
2024 ലെ അയിരര്രാമന്പിള്ള അവാര്‍ഡ് പ്രശസ്ത അണിയറ കലാകാരന് പള്ളിപ്പുറം ഉണ്ണിക്കൃഷ്ണനും ഡോ. കെ.എന്‍. വിശ്വനാഥന് നായര്‍ സ്മാരക പുരസ്കാരം പ്രശസ്ത കഥകളി നടന് കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനും നല്കി ആദരിക്കും. തുടര്‍ന്ന് നടക്കുന്ന ബാലിവധം കഥകളിയോടെ പതിനെട്ടാമതു കഥകളിമേള സമാപിക്കും.
കഥകളി ക്ലബ് പ്രസിഡന്റ് ടി. പ്രസാദ് കൈലാത്ത്, സെക്രട്ടറി വി.ആര്. വിമല്‍രാജ്, ജനറൽ കൺവീനർ ഡോ. ബി. ഉദയന്‍, ട്രഷറർ സഖറിയ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.