പന്പയിൽ മാലിന്യമുക്തം പൂങ്കാവനം ശുചീകരണയജ്ഞം
1490722
Sunday, December 29, 2024 4:44 AM IST
ശബരിമല: മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ശബരിമല പൂങ്കാവനം മാലിന്യമുക്തമാക്കുന്നതിനായി ജില്ലാ ഭരണകൂടവും ശബരിമല സാനിറ്റേഷൻ സൊസൈറ്റിയും സംയുക്തമായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മാലിന്യമുക്തം പൂങ്കാവനം ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
പമ്പയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ശബരിമല എഡിഎം ഡോ. അരുൺ എസ്. നായർ, അടൂർ ആർഡിഒ ബി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
പമ്പാനദി, പടവുകൾ, സ്നാനഘട്ടങ്ങൾ, തീർഥാടനപാത തുടങ്ങിയവ വൃത്തിയാക്കി. ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിശുദ്ധി സേനാംഗങ്ങൾ, സിവിൽ ഡിഫൻസ്, മുസലിയാർ കോളജിലെ വോളണ്ടിയർമാർ, എൻഎസ്എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കാളികളായി.