അമിതവേഗത്തിലെത്തിയ ടിപ്പറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു, ഡ്രൈവർ അറസ്റ്റിൽ
1490712
Sunday, December 29, 2024 4:33 AM IST
തിരുവല്ല: തിരക്കേറിയ റോഡിൽ അമിതവേഗത്തിലെത്തി കൊടുംവളവിൽ സ്കൂട്ടറിനെ മറികടന്ന ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട വയോധികന് ദാരുണാന്ത്യം, ടിപ്പർ ഡ്രൈവർ അറസ്റ്റിൽ. തിരുവല്ല - പൊടിയാടി റോഡിൽ പച്ചമണ്ണ് കയറ്റിവന്ന ടിപ്പറാണ് സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്.
സ്കൂട്ടർ യാത്രികൻ ആലപ്പുഴ ചെന്നിത്തല തൃപെരുംതുറ സന്തോഷ് ഭവനിൽ സുരേന്ദ്രനാണ് (70) അപകടത്തിൽ മരിച്ചത്. ടിപ്പർ ഡ്രൈവർ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പിൽ രമേശ് കുമാറി (45)നെ പുളിക്കീഴ് പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു.
പൊടിയാടി ഐസിഐസിഐ ബാങ്കിന് വടക്കുവശം വലിയ വളവ് കഴിഞ്ഞ് അതേദിശയിൽ പൊയ്ക്കൊണ്ടിരുന്ന സ്കൂട്ടറിനെ വളവ് തിരിഞ്ഞ് അതിവേഗത്തിലെത്തിയ ടിപ്പർ വേഗം കുറയ്ക്കാതെ മറികടക്കുമ്പോൾ ഇടിക്കുകയായിരുന്നു. സുരേന്ദ്രൻ വാഹനവുമായി റോഡിൽ വീണു, തലയിലൂടെ ലോറിയുടെ പിന്നിലെ ഇടതുവശത്തെ ചക്രം കയറിയിറങ്ങി. ഹെൽമെറ്റ് പൊട്ടി തലതകർന്ന് സുരേന്ദ്രൻ തൽക്ഷണം മരിച്ചു.
സംഭവത്തിൽ ദൃക്സാക്ഷിയായ പ്രദേശവാസികളുടെ മൊഴി സ്വീകരിച്ച് ഡ്രൈവർക്കെതിരേ പുളിക്കീഴ് പോലീസ് കേസെടുത്തു. മരിച്ച സുരേന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.