ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും എം.ടിയെ അധിക്ഷേപിച്ചെന്ന് എം.വി. ഗോവിന്ദൻ
1490711
Sunday, December 29, 2024 4:33 AM IST
പത്തനംതിട്ട: മലയാളത്തിന്റെ മഹാനായ എഴുത്തുകാരനായിരുന്ന എം.ടി. വാസുദേവൻ നായരെ ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും സൈബർ ആക്രമണത്തിലൂടെ അധിക്ഷേപിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിനു തുടക്കം കുറിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം.ടി ഹിന്ദുവിരുദ്ധനാണെന്ന പേരിലാണ് ആർഎസ്എസിന്റെ പ്രചാരണം. സവർണ എഴുത്തുകാരനെന്ന് ജമാഅത്ത് ഇസ്ലാമി പ്രചരിപ്പിക്കുന്നു. ഹിന്ദുക്കളിൽ ചെറിയ വിഭാഗം മാത്രമാണ് ആർഎസ്എസുകാർ. എല്ലാ മുസ്ലിംകളും ജമാ അത്തെ ഇസ്ലാമിയോ എസ്ഡിപിഐയോ അല്ല. ആർഎസ്എസിനെപ്പറ്റി മിണ്ടിയാൽ ഹിന്ദുക്കൾക്ക് എതിരെന്നു പറഞ്ഞു സൈബർ ആക്രമണമുണ്ടാകും.
സിപിഎമ്മിനും സർക്കാരിനുമെതിരേ ഒപ്പുശേഖരണവുമായി കുറേപ്പേർ എംടിയുടെ അടുത്തു ചെന്നു. പ്രസ്താവന വായിച്ചു നോക്കിയ അദ്ദേഹം, സിപിഎം ഇല്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒപ്പിടാൻ തയാറായില്ല. വർഗീയതയ്ക്കെതിരേയാണ് സിപിഎം നിലപാട് എടുക്കുന്നത്. വർഗീയവാദികൾക്കെതിരേ സംസാരിക്കുന്ന സിപിഎമ്മിനെ വിശ്വാസികൾക്കെതിരായി ചിത്രീകരിക്കും. എന്നാൽ സിപിഎമ്മിൽ വിശ്വാസികളുണ്ട്.
അന്ധവിശ്വാസത്തെയും വർഗീയതയെയുമാണ് പാർട്ടി എതിർക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.പാലക്കാട്ട് വർഗീയവാദികളുടെ വോട്ടുവാങ്ങി വിജയിച്ചിട്ട് അത്ഭുതകരമായ വിജയമെന്ന് യുഡിഎഫ് അവകാശപ്പെട്ടു. ബിജെപിയുടെ 4,500 വോട്ട്, എസ്ഡിപിഐയുടെ 10,000, ജമാ അത്തെ ഇസ്ലാമിയുടെ 5,000 എന്നിവ ചേർന്നതാണ് യുഡിഎഫിന്റെ വിജയം. ചേലക്കരയിൽ ഈ വർഗീയ കൂട്ടുകെട്ട് പരാജയപ്പെട്ടു.
ഭരണഘടനാ ശിൽപി ഡോ. അംബേദ്കർക്കെതിരായ കടന്നാക്രമണമാണ് രാജ്യത്ത് നടക്കുന്നത്. ഭരണഘടന മാറ്റി മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടന കൊണ്ടുവരാനാണ് ബിജെപി നീക്കം. 37 ശതമാനം വോട്ടുള്ള ബിജെപിയെ തോല്പിക്കാനാകുമെന്നതിൽ സിപിഎമ്മിന് രണ്ടുപക്ഷമില്ല. രണ്ടു ശതമാനം വോട്ടുകൂടി ലഭിച്ചിരുന്നുവെങ്കിൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ചിത്രം മാറുമായിരുന്നു. എന്നാൽ കോൺഗ്രസിന് ഇതിന് താത്പര്യമില്ല. മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസിനുള്ളതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
ആർ. സനൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, വീണാ ജോർജ്, കെ .രാധാക്യഷ്ൺ എംപി, കേന്ദ്ര കമ്മിറ്റി അംഗം എ.കെ .ബാലൻ, പി.കെ. ശ്രീമതി, പി. സതീദേവി, സി.എസ്. സുജാത, കെ. കെ. ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, കെ.പി. ഉദയഭാനു, രാജു ഏബ്രഹാം, ശ്യാംലാൽ, ടി.ഡി. ബൈജു, പി.ജെ. അജയകുമാർ, ഓമല്ലൂർ ശങ്കരൻ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഇന്നും തുടരും; നാളെ തെരഞ്ഞെടുപ്പ്
പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു റിപ്പോർട്ട് അവതരിപ്പിച്ചു. എ. പത്മകുമാർ, പി.ബി. ഹർഷകുമാർ, സി. രാധാകൃഷ്ണൻ, പീലിപ്പോസ് തോമസ്, വൈഷ്ണവി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്നലെ തുടക്കമായി. ഞായറാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. നാളെ രാവിലെ പുതിയ കമ്മിറ്റിയെയും സെക്രട്ടറിയേയും സമ്മേളനം തെരഞ്ഞെടുക്കും.
വൈകുന്നേരം നാലിന് എലിയറയ്ക്കല്‍ ജംഗ്ഷനിൽനിന്നു ചുവപ്പുസേനാ മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണൻ നഗറില്‍ (കോന്നി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്) ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
നേതാക്കൾക്ക് ധനസന്പാദന മോഹമെന്ന് സംസ്ഥാന സെക്രട്ടറി
പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തിൽ ജില്ലയിലെ പാർട്ടി നേതാക്കൾക്കെതിരേ രൂക്ഷവിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിനിധി സമ്മേളനത്തിന്റെ തുടക്കത്തിലാണ് സംസ്ഥാന സെക്രട്ടറി ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിച്ചത്.
ചില നേതാക്കളുടെ ആഡംബര ജീവിതം, അനധികൃത പണം സന്പാദനം എന്നിവ സംബന്ധിച്ച പരാതികൾ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ നേതാക്കളിൽ പണസമ്പാദന പ്രവണത വർധിക്കുന്നു. തിരുവല്ല ഏരിയ കമ്മിറ്റിയിലേതടക്കമുള്ള വിഭാഗീയത തുടരാൻ അനുവദിക്കില്ല. ഇതിനെതിരേ കർശന നടപടി ഉണ്ടാകുമെന്ന് ഗോവിന്ദൻ പറഞ്ഞു.
നേതാക്കൾക്കെതിരേ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. എന്നാൽ ജീവഭയം കാരണം പേര് വയ്ക്കുന്നില്ലെന്നാണ് കത്തുകളിൽ പറയുന്നത്. പത്തനംതിട്ടയിലെ പാർട്ടി കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകന്നെന്നും ജില്ലാ സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സംസ്ഥാന നേതൃത്വം കർശന നിലപാടിലേക്ക് നീങ്ങുന്നു എന്ന സൂചനയാണിത്.
പാർട്ടി ശക്തിപ്പെട്ടതായി റിപ്പോർട്ട്
പത്തനംതിട്ട ജില്ലയിൽ പാർട്ടി സംവിധാനം ഏറെ ശക്തിപ്പെട്ടതായ വിലയിരുത്തലാണ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അവതരിപ്പിച്ച റിപ്പോർട്ടിലുള്ളത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചതും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തിയതും സംഘടനാ സംവിധാനത്തിലെ വിജയമായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
സിപിഎം അംഗസംഖ്യ വർധിച്ചതും വിവിധ രാഷ്ട്രീയകക്ഷികളിൽപ്പെട്ട നേതാക്കളുൾപ്പെടെ സിപിഎമ്മിൽ അംഗത്വം നേടിയതും നേട്ടമായി റിപ്പോർട്ട് വിലയിരുത്തുന്നു.
മുൻ ഡിസിസി പ്രസിഡന്റുമാരടക്കമുള്ള കോൺഗ്രസ് നേതാക്കളും ബിജെപിയുടെ ജില്ലാ ഭാരവാഹികളായിരുന്നവരും നിലവിൽ സിപിഎമ്മിനോടൊപ്പം ചേർന്നു പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിൽ പാർട്ടിക്കുണ്ടായ മുന്നേറ്റം വരുംകാല തെരഞ്ഞെടുപ്പുകളിലടക്കം ഏറെ ഗുണം ചെയ്യുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.