പുല്ലാട്ട് കെഎസ്ആര്‍ടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി; മരിച്ചത് ദമ്പതികള്‍
1490375
Saturday, December 28, 2024 4:26 AM IST
കോഴഞ്ചേരി: ടികെ റോഡില്‍ പുല്ലാട് കനാല്‍ പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. അപകടസ്ഥലത്തുതന്നെ മരിച്ച രാജുവിന്റെ ഭാര്യ റീനയും (53) ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. വ്യാഴാഴ്ച രാത്രി 9.15നായിരുന്നു അപകടം.
തിരുവല്ലയില്‍നിന്നു പത്തനംതിട്ടയ്ക്കുവന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് എതിര്‍ദിശയില്‍ വന്ന മാരുതി ആള്‍ട്ടോ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നു. രാജുവും ഭാര്യയും മകളും പേരക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.
കാര്‍ ഓടിച്ചിരുന്ന ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് മാനേജിംഗ് കൗണ്‍സില്‍ അംഗം റാന്നി പഴവങ്ങാടി സ്വദേശിയും കുമ്പനാട് നെല്ലിമല എസ്എന്‍ഡിപി ഗുരുമന്ദിരത്തിനുസമീപം വെട്ടുമണ് വീട്ടില്‍ താമസിക്കുന്ന വി. ജി. രാജുവിനെ (56) കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാജു അപ്പോഴേക്കും മരിച്ചിരുന്നു.
ഗുരുതരമായ പരിക്കേറ്റ ഭാര്യ റീനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയില്‍ തന്നെ മരിച്ചു. മകളും പേരക്കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്.
തലയക്ക് അതീവ ഗുരുതരമായ പരിക്കേറ്റ പേരക്കുട്ടി ശസ്ത്രക്രിയയക്കു വിധേയമായതിനുശേഷം തീവ്ര പരിചരണ വിഭാഗത്തിലാണ്.