ടികെ റോഡില്‍ വാഹനങ്ങള്‍ക്ക് അമിതവേഗം; അപകടങ്ങളും കൂടുന്നു
1490374
Saturday, December 28, 2024 4:26 AM IST
കോഴഞ്ചേരി: ടികെ റോഡില്‍ വാഹനങ്ങള്‍ക്ക് അമിതവേഗം, അപകടങ്ങളും കൂടുന്നു. റോഡുകള്‍ നവീകരിച്ചതോടുകൂടി അമിതവേഗത്തിലാണ് വാഹനങ്ങള്‍ തിരുവല്ല - കുമ്പഴ സംസ്ഥാനപാതയിലൂടെ ചീറിപ്പായുന്നത്.
രാത്രികാലങ്ങളില്‍ എതിര്‍ദിശയില്‍നിന്നും വരുന്ന വാഹനങ്ങള്‍ ഡിം ലൈറ്റ് അടിച്ചുകൊടുക്കുന്നത് തങ്ങളുടെ ചുമതലയല്ലെന്ന മട്ടിലാണ് പല കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും വാഹനം ഓടിക്കുന്നത്. യാത്രക്കാരുമായി നര്‍മസല്ലാപത്തില്‍ ഏര്‍പ്പെടുന്നതും ചില ഡ്രൈവര്‍മാരുടെ സ്ഥിരം സ്വഭാവമാണ്.
കഴിഞ്ഞ ദിവസത്തെ അപകടത്തിനുകാരണവും ഇത്തരം സംഭാഷണമായിരുന്നുവെന്ന് പറയപ്പെടുന്നു. ചിലരെങ്കിലും മദ്യലഹരിയിലാണ് വാഹനം ഓടിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്.
അമിതവേഗത്തോടൊപ്പം റോഡരികിലെ അശ്രദ്ധയായ പാര്‍ക്കിംഗും അപകടങ്ങള്‍ക്കു കാരണമാകുന്നു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ എത്തുന്നവര്‍ വാഹനത്തില്‍നിന്നും ഇറങ്ങാതെയാണ് കച്ചവടക്കാരുമായി വിലപേശി പച്ചക്കറിയും മറ്റും വാങ്ങുന്നത്. ഇത് പലപ്പോഴും പിന്നാലെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നു.
ഹൈക്കോടതി വിധിയെത്തുടര്‍ന്ന് റോഡില്‍ ഇരുവശങ്ങളിലുമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ മാറ്റിയെങ്കിലും കച്ചവടങ്ങള്‍ ഇപ്പോഴും നിര്‍ത്തലാക്കിയിട്ടില്ല. ടികെ റോഡിന്റെ ഇരുവശങ്ങളിലുള്ള ഇടവഴികളില്‍നിന്നു വാഹനങ്ങള്‍ അശ്രദ്ധയോടെ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതും അപകടത്തിനു കാരണമാകുന്നു.
കുമ്പനാട് മുതല്‍ മാരാമണ്‍ വരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ ഏറെ ഉണ്ടാകുന്നത്. ഗതാഗതം നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമുള്ള യാതൊരുവിധ ജാഗ്രതാ നിര്‍ദേശങ്ങളും മോട്ടോര്‍വാഹന വകുപ്പില്‍നിന്നും പൊതുമരാമത്തുവകുപ്പില്‍നിന്നും ഉണ്ടാകുന്നില്ല. പലയിടങ്ങളിലും റോഡിന്റെ തകര്‍ച്ചയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.
റിഫ്ളക്ടറുകളും കാടു മൂടി
ടികെ റോഡില്‍ അപകടങ്ങള്‍ പതിവാകുമ്പോഴും സുരക്ഷാ സംവിധാനങ്ങളില്ല. റോഡരികിലെ റിഫ്ളക്ടറുകള്‍ കാടു മൂടിയിരിക്കുകയാണ്. മനയ്ക്കച്ചിറയ്ക്കും തോട്ടഭാഗത്തിനും മധ്യേ പലസ്ഥലങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടന്നു പോകാന്‍കൂടി സ്ഥലമില്ല. റോഡിന്റെ ഇരു വശങ്ങളിലുമുള്ള സിഗ്നല്‍ ബോര്‍ഡുകളും കാടു മൂടിക്കിടക്കുകയാണ്.
രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ അതിര്‍ത്തി സംബന്ധിച്ച് സൂചന നല്‍കുന്നതിനാണ് റിഫ്ളക്ടറുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍, ഇതുകൊണ്ട് പ്രയോജനമില്ലാത്ത സ്ഥിതിയാണ് പലയിടത്തും.
ഇരവിപേരൂരിനും കോഴഞ്ചേരിക്കും മധ്യേയും സമാനമായ സ്ഥിതിവിശേഷമുണ്ട്. സംസ്ഥാന പാതയാണെങ്കിലും റോഡരികിലെ കാടു വെട്ടിത്തെളിക്കുന്നതില്‍ വകുപ്പുകള്‍ തമ്മില്‍ ശീതസമരത്തിലാണ്.