ഉദയഭാനു ഒഴിയും; പുതിയ സെക്രട്ടറിയെച്ചൊല്ലി അഭ്യൂഹം
1490371
Saturday, December 28, 2024 4:26 AM IST
പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കേ പുതിയ ജില്ലാസെക്രട്ടറിയെച്ചൊല്ലി അഭ്യൂഹങ്ങള്‍. മൂന്നു തവണ തുടര്‍ച്ചയായി ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. ഉദയഭാനു ഇത്തവണ സ്ഥാനമൊഴിയും. പകരം സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാം സെക്രട്ടറി സ്ഥാനത്തേക്കുമെന്നാണ് സൂചന.
എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ആര്. സനല്‍കുമാര്‍, പി.ബി. ഹര്‍ഷകുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ശ്രമമുണ്ടെങ്കിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാനിടയുള്ളതിനാല്‍ അവസാന നിമിഷം പാനലിനെതിരേ മത്സരം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനില്ല.
എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്നുള്ള പാര്‍ട്ടി നിലപാടുകള്‍, പാര്‍ട്ടിയില്‍ കാപ്പാ, പീഡനക്കേസുകളിലെ പ്രതികളുടെ സ്വാധീനമുറിപ്പിക്കല്, തുടങ്ങിയ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തേക്കും.
ജില്ലയില്‍ നിന്നുള്ള ഏകമന്ത്രിയായ വീണാജോര്‍ജിന്റെയും എംഎല്‍എമാരുടെയും പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് ഏരിയാ സമ്മേളനങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമാന വിഷയങ്ങള്‍ ജില്ലാ സമ്മേളനതതിലും ഉണ്ടായേക്കും.