സിപിഎം പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് ബിജെപി ജില്ലാ ട്രഷറാര്‍ പുലിവാല് പിടിച്ചു
1490370
Saturday, December 28, 2024 4:17 AM IST
പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ സ്വന്തം ഫേസ്ബുക്കിലെ സ്വന്തം അക്കൗണ്ടില്‍ പങ്കുവച്ച് ബിജെപി ജില്ലാ ട്രഷറാര്‍ പുലിവാല് പിടിച്ചു. അബദ്ധംപറ്റിയതാണെന്ന് വിശദീകരിച്ചുവെങ്കിലും സംഘപരിവാര്‍, ആര്‍എസ്എസ്, ബിജെപി ഗ്രൂപ്പുകളില്‍ വിവാദം കത്തുകയാണ്. ബിജെപി ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന് കര്‍ത്തയുടെ ഫേസ്ബുക്കിലാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്. പ്രസാദിന്റെ പോസ്റ്റ് പങ്കുവച്ചത്.
ഗോപാലകൃഷ്ണന് ഓലിക്കല്‍ എന്ന പേരിലാണ് കര്‍ത്ത ഫേസ്ബുക്കില്‍ ഉള്ളത്. ഇന്ന് കോന്നിയില്‍ ആരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍, പി.ആര്. പ്രസാദ് സ്വന്തം പേജില്‍ ഇട്ടിരുന്നു. ഇതാണ് ഗോപാലകൃഷ്ണന് കര്‍ത്ത പങ്കുവച്ചത് ബിജെപി - സിപിഎം കൂട്ടുകെട്ട് ശകതമായ സ്ഥലമാണ് റാന്നി എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണംവരെ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു.
മുന്‍ എംഎല്‍എ രാജു ഏബ്രഹാമുമായി സജീവമായ അന്തര്‍ധാര റാന്നിയില്‍ നിലനില്‍ക്കുന്നുവെന്നത് ബിജെപിയില്‍ പലപ്പോഴും ഉയര്‍ന്നിട്ടുള്ള ആരോപണമാണ്. അതിനിടെയാണ് ഗോപാലകൃഷ്ണന് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. അബദ്ധം പറ്റിയതാണെന്നു പറഞ്ഞ് കര്‍ത്ത പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇരുപാര്‍ട്ടികളിലും ഇതു സംബന്ധിച്ച ചര്‍ച്ച സജീവമാണ്.