മുൻവിരോധത്താൽ സഹോദരങ്ങളെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്പിച്ചയാൾ അറസ്റ്റിൽ
1489945
Wednesday, December 25, 2024 4:51 AM IST
തിരുവല്ല: രണ്ടുമാസം മുമ്പുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് നിലനിന്ന മുൻവിരോധത്താൽ, സഹോദരങ്ങളെയും സുഹൃത്തിനെയും കത്തികൊണ്ട് കുത്തിയും വെട്ടിയും ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടാം പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി.ആർ. അർജുനാണ് (27) അറസ്റ്റിലായത്.
ഇയാൾ തിരുവല്ല പോലീസ് സ്റ്റേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലും കോട്ടയം വാകത്താനം പോലീസ് സ്റ്റേഷനിലെ രണ്ടു കേസുകളിലും പ്രതിയായിട്ടുണ്ട്. ഇവയിൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു. കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജുകുമാറാണ് ഒന്നാം പ്രതി, ഇയാൾ ഒളിവിലാണ്.
ഞായർ രാത്രി എട്ടോടെ തിരുവല്ല മഞ്ഞാടി എവിഎസ് ഫ്ലാറ്റിന് സമീപം കാറിലെത്തിയ മഞ്ഞാടി ആമല്ലൂർ ദേശത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഗോകുൽ, സഹോദരൻ രാഹുൽ, സുഹൃത്ത് അഖിലേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അർജുനും ഒന്നാം പ്രതിയും ചേർന്ന് കാർ തടഞ്ഞുനിർത്തി അസഭ്യം വിളിച്ചു.
കാറിൽനിന്ന് ഇറങ്ങിയ ഗോകുലിനെയും രാഹുലിനെയും അഖിലേഷിനെയും കത്തികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച രാഹുലിന്റെ തലയ്ക്ക് കുത്തേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഗോകുലിനെ പിന്നീട് കുത്തിയും വെട്ടിയും അർജുൻ പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ തലയ്ക്കും മൂക്കിനും ഗുരുതരമായ മുറിവുകൾ സംഭവിച്ചു.
ഒന്നാം പ്രതി കല്ലുകൊണ്ട് ഇടിക്കുകയും ഇരുവരും ചേർന്ന് മൂവരെയും മർദിക്കുകയും ചെയ്തതായാണ് കേസ്. പരിക്കേറ്റവരും അർജുനുമായി രണ്ടു മാസം മുമ്പ് തിരുവല്ലയിലെ ഒരു ബാറിൽ വച്ച് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ വിരോധം കാരണമാണ് ഇപ്പോഴത്തെ ആക്രമണം. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ഗോകുൽ, അഖിലേഷ് എന്നിവർക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. അർജുനെ തുടർനടപടികൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.