ബംഗാള്‍ സ്വദേശിനിക്കുനേരേ ലൈംഗികാതിക്രമം: മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍
1489785
Tuesday, December 24, 2024 7:32 AM IST
പത്തനംതിട്ട: ബംഗാള്‍ സ്വദേശിനിയായ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ആസാം സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ ആസാം സ്വദേശികളായ അമീര്‍ ഹുസൈന് (24), റബീകുല് ഇസ്ലാം(25), കരിമുള്ള (27) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗാള്‍ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കോന്നി ആനകുത്തി ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലെ മുറിയില്‍ മൂന്നു ദിവസമായി ഇവരെ താമസിപ്പിച്ചു വരികയായിരുന്നു. ഇതിന്റെ തൊട്ടടുത്ത മുറിയിലാണ് ആസാം സ്വദേശിയായ കരിമുല്ല വാടകയ്ക്ക് താമസിക്കുന്നത്. ഇയാളുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതിലെ ഒരു ഫോട്ടോ യുവതി തിരിച്ചറിയുകയും തുടര്‍ന്ന് കരിമുള്ളയെ പോലീസ് ചോദ്യംചെയ്തതില്‍ മൂന്നുപേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കുറ്റകൃത്യം നടത്തിയതെന്ന് വെളിപ്പെട്ടു.
ആനകുത്തിയിലും പയ്യനാമണ്ണിലും കടകളിലെ ജോലിക്കാരാണ് പ്രതികള്‍. കേസിനെത്തുടര്‍ന്ന് രക്ഷപ്പെട്ട രണ്ടുപേരെ തമിഴ്നാട്ടിലുള്ള ജോളാര്‍ പേട്ടയില്‍ കോന്നി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കരിമുള്ളയുടെ മുറി പരിശോധിക്കുന്നതിനിടയില്‍ അരക്കിലോയോളം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇതിന് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു, കരിമുള്ളയുടെ അറസ്റ്റും രേഖപ്പെടുത്തി.
കോന്നി ഡിവൈഎസ്പി ടി. രാജപ്പന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്ത്, പ്രൊബേഷന്‍ എസ്ഐ ദീപക്, എഎസ്ഐ അജി തോമസ്, എസ്സിപിഒ അരുണ്‍ രാജ്, സിപിഓമാരായ ജോസണ്‍ പി. ജോണ്‍, സേതു കൃഷ്ണന്, അല്‍ സാം, നഹാസ്, അരുണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.