കുടുംബശ്രീ ജില്ലാതല ക്രിസ്മസ് വിപണന മേളയ്ക്കു തുടക്കമായി
1489778
Tuesday, December 24, 2024 7:32 AM IST
പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര വിപണന മേളയ്ക്കു പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ തുടക്കമായി. വിപണനമേള നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ആദ്യവില്പന നടത്തി.
കലർപ്പില്ലാത്തതും മായം കലരാത്തതുമായ കാർഷിക, കാർഷികേതര ഉല്പന്നങ്ങൾ പ്രാദേശികമായി ഉത്പാദിപ്പിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് കുടുംബശ്രീ വിപണനമേളയുടെ ലക്ഷ്യം.
28 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 25 ഓളം കുടുംബശ്രീ യൂണിറ്റുകൾ മേളയിൽ പങ്കെടുക്കുന്നു.
വിവിധതരം കേക്കുകൾ, ജ്യൂസുകൾ, ചിപ്സുകൾ, സ്ക്വാഷുകൾ, വിവിധതരം പലഹാരങ്ങൾ, കൊണ്ടാട്ടങ്ങൾ, അച്ചാറുകൾ, വെളിച്ചെണ്ണ, പെർഫ്യൂമുകൾ, വിവിധതരം നട്സുകൾ, വിവിധ വനവിഭവങ്ങൾ, ശുദ്ധമായ മസാലപ്പൊടികൾ, ചെറുധാന്യങ്ങൾ, തേൻ, വിവിധ ഇരുമ്പ് ഉപകരണങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. രാവിലെ 10 മുതൽ രാത്രി എട്ടുവരെ മേള പ്രവർത്തിക്കും.
വാർഡ് കൗൺസിലർ എസ്. ഷമീർ, പത്തനംതിട്ട സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, ജില്ലാ പ്രോഗ്രാം മാനേജർ ഐബി സിബി, എലിസബത്ത് കൊച്ചിൽ തുടങ്ങിയവർ പ്രസംഗിച്ചു.അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബിന്ദു രേഖ സ്വാഗതവും മാനേജർ എൻഎഫ്എൽ അർജൻ സോമൻ നന്ദിയും പറഞ്ഞു.
ശുദ്ധമായ രീതിയിൽ കുടുംബശ്രീ സംരംഭകർ തന്നെ തയാറാക്കുന്ന കേക്ക് യൂണിറ്റ് മേളയുടെ പ്രധാന ആകർഷണമാണ്. പൈനാപ്പിൾ കേക്ക്, പ്ലം കേക്ക്, കാരറ്റ് കേക്ക്, ബട്ടർ കേക്ക്, മാർബിൾ കേക്ക്, ഡേറ്റ് കേക്ക് തുടങ്ങി വിവിധ തരം കേക്കുകൾ ലഭ്യമാണ്. കേക്ക് കൂടാതെ വിവിധതരം ഹൽവകളും ലഭ്യമാണ്.