മണിയാർ പദ്ധതി : കരാർ പുതുക്കുന്നതിൽ പ്രതിഷേധം
1489441
Monday, December 23, 2024 5:01 AM IST
പത്തനംതിട്ട: മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി തിരികെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മണിയാർ ഡാം വ്യൂ സൈറ്റിൽ ധർണ നടത്തും.
30 വർഷംകൊണ്ട് സ്വകാര്യ കമ്പനിക്കുണ്ടായ ലാഭം 300 കോടി രൂപയിലേറെയെന്നു ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. ഓരോ വർഷത്തെയും വൈദ്യുതിനിരക്ക് കണക്കാക്കിയാൽ ശരാശരി 332 കോടി രൂപയുടെ വൈദ്യുതിലാഭം കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡിനുണ്ടായിട്ടുണ്ടാകും.
പദ്ധതിനിർമാണത്തിനായി 22 കോടി രൂപ മാത്രമാണ് ചെലവുവന്നത്. പൊതുമേഖല ശക്തിപ്പെടണമെന്ന പ്രഖ്യാപിത നിലപാടുള്ളതുകൊണ്ടാണ് തങ്ങൾ പ്രക്ഷോഭം നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.
കരാർ പുതുക്കരുത്: സജി അലക്സ്
പത്തനംതിട്ട: മണിയാർ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിയുമായുള്ള കരാർ പുതുക്കി നൽകുവാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് സജി അലക്സ് ആവശ്യപ്പെട്ടു.
ബിഒടി വ്യവസ്ഥയിൽ കരാർ ഒപ്പിട്ട പദ്ധതി ലക്ഷ്യത്തിൽ അധികം നേട്ടം കൈവരിച്ചു. ഇനി അതിന്റെ നേട്ടം കേരളീയർക്ക് ലഭ്യമാകണമെന്ന് സജി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് ബാധ്യതയാകുന്ന, സ്വകാര്യ കമ്പനികളുമായും അന്തർ സംസ്ഥാനങ്ങളുമായുമുള്ള കരാറുകൾ സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം.
കേരളീയ സമൂഹത്തിന് ഗുണപ്രദം ആകുമെങ്കിൽ മാത്രം കരാറുകൾ നീട്ടുനൽകുന്നത് സ്വാഗതാർഹമാണ്. പക്ഷേ ഇതിന് സർവകക്ഷി രാഷ്ട്രീയ പിന്തുണ നേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.