നക്ഷത്രത്തിളക്കവുമായി ക്രിസ്മസ്: ആഘോഷത്തിമർപ്പിൽ നാടും നഗരവും
1489929
Wednesday, December 25, 2024 4:46 AM IST
പത്തനംതിട്ട: ക്രിസ്മസ് എത്തിയതോടെ നാട്ടിലെങ്ങും ആഘോഷം. ക്രിസ്മസിനോടനുബന്ധിച്ച പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും ഇന്നു രാവിലെയോടെ പൂർത്തീകരിച്ചു. ഇന്നലെ വൈകുന്നേരം മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കരോളും ക്രമീകരിച്ചിരുന്നു. ദിവ്യബലിയോടെയാണ് ശുശ്രൂഷകൾ പൂർത്തീകരിച്ചത്. പ്രാർഥനകളിൽ പങ്കെടുക്കാൻ വിശ്വാസികളുടെ തിരക്ക് എല്ലായിടത്തുമുണ്ടായി. ക്രിസ്മസ് കരോൾ പരിപാടികൾ പുതുവത്സരം വരെ വിവിധ സ്ഥലങ്ങളിൽ തുടരും.
ക്രിസ്മസ്ദിനത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികൾ വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. ഓമല്ലൂർ, കുന്പഴ, മല്ലശേരി എന്നിവിടങ്ങളിൽ സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികൾ ഇന്നാണ്.
വിപണികളിലും തിരക്ക്
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് വിപണികളിലും തിരക്കേറി. സാധനങ്ങൾ വാങ്ങാനുള്ള തിരക്ക് ഇന്നലെ രാവിലെ മുതൽ ഉണ്ടായി. മത്സ്യം, മാംസം, പച്ചക്കറി വിപണികൾ രാവിലെ മുതൽ സജീവമായിരുന്നു. ആവശ്യക്കാരേറിയതോടെ പല സാധനങ്ങളുടെയും വിലയിലും ഗണ്യമായ വർധനയുണ്ടായി. മത്സ്യം, മാംസം വില പലയിടങ്ങളിലും വർധിച്ചിരുന്നു.
കേക്ക് വിപണിയിലും ഏറ്റവുമധികം വ്യാപാരം ഇന്നലെയായിരുന്നു. ബേക്കറികളിൽ കേക്ക് വിപണനത്തിനായി പ്രത്യേക ക്രമീകരണം തന്നെ ഒരുക്കിയിരുന്നു.
മുണ്ടമല റെസിഡന്റ്സ് അസോസിയേഷൻ
പുറമറ്റം: മുണ്ടമല റെസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ്-നവവത്സരാഘോഷം 28ന് മൂന്നിന് മുണ്ടമല മോഡൽ മഹിളാ സമാജം മന്ദിരത്തിൽ നടക്കും. പ്രസിഡന്റ് സാബു തോമസ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന 2025ലെ കലണ്ടറിന്റെ പ്രകാശനവും യോഗത്തിൽ നടക്കും.
ശിശുക്ഷേമസമിതിയിൽ
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികൾ ഓമല്ലൂർ ശിശുപരിപാലന കേന്ദ്രത്തിൽ ശിശുക്ഷേമസമിതി സംസ്ഥാന കമ്മിറ്റി അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ക്രിസ്മസ് സന്ദേശം നൽകി.
ശിശുക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ് ആർ. അജിത് കുമാർ അധ്യക്ഷത വഹിച്ചു.
ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറർ എ.ജി. ദീപു , ശിശുപരിപാലന കേന്ദ്രം മാനേജർ സി.ജി. ചന്ദിക, സോഷ്യൽ വർക്കർ ബിന്ദു എസ്. നായർ, യു. ലക്ഷ്മി, വി.ജി. ജയ, സുനിൽകുമാർ പ്രക്കാനം തുടങ്ങിയവർ പ്രസംഗിച്ചു.